Kerala

അപകടകരമായ ഭീഷണി; ട്രംപിൻ്റെ ഗോൾഡൻ ഡോമിനെതിരെ ഉത്തര കൊറിയ | North Korea’s foreign ministry has criticised the U.S. Golden Dome missile defense shield project

ധാർഷ്ട്യത്തിന്റെയും, സ്വേച്ഛാധിപത്യപരവും ഏകപക്ഷീയവുമായ പ്രയോഗത്തിന്റെയും ഭാ​ഗമാണ് ഈ നീക്കം

ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ കവചമൊരുക്കാനുള്ള അമേരിക്കൻ പദ്ധതിയെ വിമർശിച്ച് ഉത്തരകൊറിയ. വളരെ അപകടകരമായ ഭീഷണി ഉയർത്തുന്ന സംരംഭം എന്നാണ് പദ്ധതിയെ ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചതെന്നാണ് ഉത്തരകൊറിയൻ ഔദ്യോ​ഗിക വാ‍ർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.’അമേരിക്ക ആദ്യം’ എന്ന നിലപാടിൻ്റെ ഭാ​ഗമാണ് ഗോൾഡൻ ഡോം പദ്ധതിയെന്നായിരുന്നു ഉത്തര കൊറിയൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയത്. ധാർഷ്ട്യത്തിന്റെയും, സ്വേച്ഛാധിപത്യപരവും ഏകപക്ഷീയവുമായ പ്രയോഗത്തിന്റെയും ഭാ​ഗമാണ് ഈ നീക്കം. ഒരു ബഹിരാകാശ ആണവ യുദ്ധ സാഹചര്യം ഇത് സൃഷ്ടിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അമേരിക്കൻ സ്റ്റഡീസ് ഓഫ് നോർത്ത് കൊറിയയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞതായാണ് കെസിഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിനായി ഒരു ഡിസൈൻ തിരഞ്ഞെടുത്തതായും 175 ബില്യൺ ഡോളറിന്റെ സ്വപ്ന പദ്ധതിയുടെ തലവനെ നാമനിർദ്ദേശം ചെയ്തതായും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സ്പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗ്വെറ്റ്ലിനെ ദൗത്യത്തിന്റെ തലവനായി ട്രംപ് നിയമിച്ചിട്ടുണ്ട്. പ്രോജക്ടിന്റെ ഡിസൈനും താൻ തിരഞ്ഞെടുത്തെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ശത്രു മിസൈലുകൾ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗോൾഡൻ ഡോം പ്രതിരോധ സംവിധാനം. ഇസ്രയേലിന്റെ അയേൺ ഡോം ആണ് മാതൃക. സർവൈലൻസ് സാറ്റലൈറ്റുകൾ, ഇന്റർസെപ്റ്റർ സാറ്റലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂടിയാണ് ഈ പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കാൻ യുഎസ് പദ്ധതിയിടുന്നത്. 100 ശതമാനം വിജയമായിരിക്കും ഈ സംവിധാനം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ചൈന, ഇറാൻ, ഉത്തരകൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം വരുന്ന ശത്രു മിസൈലുകൾ പറന്നുയർന്നതിനുശേഷം അവയെ തകർക്കുകയാണ് ഗോൾഡൻ ഡോമിന്റെ ലക്ഷ്യം. അത്യാധുനിക സെൻസറുകളും ഇന്റർസെപ്റ്ററുകളും ഉപയോഗിച്ച് നൂറുകണക്കിന് ഉപഗ്രഹങ്ങളുടെ ഒരു ശൃംഖലയെ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഒരു വ്യോമ പ്രതിരോധ കവചം എന്ന നിലയിലാണ് ​ഗോൾഡൻ ഡോം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്ത തലമുറ പ്രതിരോധ പദ്ധതിയായാണ് ഗോൾഡൻ ഡോമിനെ അമേരിക്ക വിഭാവനം ചെയ്യുന്നത്. ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’ എന്നാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിളിക്കുന്നത്. സെൻസറുകൾ, ട്രാക്കിങ് ടൂളുകൾ, ഇന്റർസെപ്റ്റർ മിസൈലുകൾ, വിവിധ കമാൻഡ് പ്രവർത്തനങ്ങൾ അടക്കം ഉള്ളതുകൊണ്ടാണ് ഈ വിളിപ്പേര്.അമേരിക്കയുടെ ​ഗോൾ‍ഡൻ ഡോം പ​ദ്ധതിക്കെതിരെ കഴിഞ്ഞ ആഴ്ച ചൈനയും രം​ഗത്തുവന്നിരുന്നു. ​ഗൗരവമായ ആശങ്ക വിഷയത്തിൽ ഉണ്ടെന്നായിരുന്നു ചൈനയുടെ പ്രതികരണം. ​ഗോൾഡൻ ഡോം വികസിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.

STORY HIGHLIGHT :  North Korea’s foreign ministry has criticised the U.S. Golden Dome missile defense shield project