ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് അപകടം (bus accident). നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പിന്‍ സീറ്റിനിടയില്‍ കുടുങ്ങിയ യുവാവിനെ അരമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30ന് പട്ടിക്കാട് – വടപുറം സംസ്ഥാനപാതയില്‍ വണ്ടൂരിനും പോരൂരിനും ഇടയില്‍ പുളിയക്കോട് ആണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നു വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ മരം വീഴുന്നത് കണ്ട് ബസ് അരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ മരം മുകളിലേക്ക് പതിക്കുകയായിരുന്നു.
ബസില്‍നിന്നു കൂട്ട നിലവിളി ഉയര്‍ന്നതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുപതോളം യാത്രക്കാര്‍ ആയിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മുന്‍ഭാഗത്തിരുന്നവരെല്ലാം ഉടന്‍ പുറത്തിറങ്ങി. പുറകില്‍ കുടുങ്ങിയ യുവാവിനെ പൊലീസും അഗ്‌നിരക്ഷാ സേനയും ട്രോമാ കെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
STORY HIGHLIGHT: malappuram-banyan-tree-accident