ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചു.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടര്‍ ഉത്തരവിട്ടു.
സംസ്ഥാനത്ത് ഇതോടെ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. വയനാടും, കോഴിക്കോടും നാളെ റെഡ് അലര്‍ട്ടാണ്.
അതേ സമയം, വയനാട്ടില്‍ ഇടവിട്ടുള്ള മഴ തുടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ട്. 10 ക്യാമ്പുകളിലായി 314 പേരെയാണ് ജില്ലയില്‍ മാറ്റി താമസിപ്പിച്ചിരിക്കുന്നത്.