ഭീകരാക്രമണം നടന്ന് ആഴ്ച്ചകള്‍ക്കുശേഷം പഹല്‍ഗാമില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു. ഇതാദ്യമായാണ് സര്‍ക്കാര്‍ ജമ്മുവിനും ശ്രീനഗറിനും പുറത്ത് മന്ത്രിസഭായോഗം ചേരുന്നത്. കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കശ്മീരിലേക്കും പഹല്‍ഗാമിലേക്കും മടങ്ങിയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നന്ദി പറയാനുമാണ് പഹല്‍ഗാമില്‍ തന്നെ മന്ത്രിസഭായോഗം ചേര്‍ന്നതെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞു. ഇന്ന് നടന്നത് സാധാരണ മന്ത്രിസഭാ യോഗമായിരുന്നില്ലെന്നും വ്യക്തമായ സന്ദേശമാണെന്നും ഒമര്‍ അബ്ദുളള വ്യക്തമാക്കി.
‘ഇത് വെറുമൊരു മന്ത്രിസഭാ യോഗമായിരുന്നില്ല. വ്യക്തമായ സന്ദേശമാണ് ഞങ്ങള്‍ നല്‍കുന്നത്. ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. സമാധാനത്തിന്റെ ശത്രുക്കള്‍ക്ക് ഒരിക്കലും നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാകില്ല. അവര്‍ക്ക് നമ്മെ നിയന്ത്രിക്കാനുമാകില്ല. ജമ്മു കശ്മീര്‍ ഭീകരതയ്‌ക്കെതിരെ ശക്തമായി ഭയമില്ലാതെ ഉറച്ചുനില്‍ക്കുന്നു’- ഒമര്‍ അബ്ദുളള പറഞ്ഞു. ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. വിനോദസഞ്ചാരം പ്രധാന ജീവിതോപാധിയായ കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായാണ് മന്ത്രിസഭാ യോഗത്തിന് സര്‍ക്കാര്‍ പഹല്‍ഗാം തന്നെ തിരഞ്ഞെടുത്തത്.
മന്ത്രിസഭാ യോഗത്തിനുശേഷം ഒമര്‍ അബ്ദുളള പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി. ഇവിടങ്ങളില്‍ നിന്നുളള ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു വിദേശിയടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. ബൈസരണ്‍വാലിയിലെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരകര്‍ അവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായി. മെയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായത്.
STORY HIGHLIGHT : Omar abdullah shares photos from pahalgam and thank tourists after cabinet meeting