തിരുവനന്തപുരം: ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ അതിതീവ്ര മഴ 3 ദിവസം കൂടി തുടരും. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരുകയാണ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 31 വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കുറഞ്ഞ സമയംകൊണ്ട് വലിയ മഴ പെയ്‌തേക്കും. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം. നഗരപ്രദേശങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും മുന്നിൽകണ്ട് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്.