കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനായുള്ള തിരച്ചിൽ തുടരുന്നു. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ 8 –ാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷിഫാൻ. രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബം എളമക്കര പൊലീസിൽ പരാതി നൽകിയതോടെ അന്വേഷണം ഊർജിതമാക്കി.
ഇടപ്പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോൾ ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കുട്ടി വൈറ്റില ഭാഗത്തേക്ക് പോയതായാണ് സൂചന. രാവിലെ 9.30 നാണ് കുട്ടി പരീക്ഷാ ഹാൾ വിട്ടിറങ്ങി. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9633020444 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.