വാഷിങ്ടണ്‍: വിദ്യാര്‍ത്ഥി വിസയില്‍ കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഇന്റർവ്യൂകൾ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവര്‍ത്തനം (സോഷ്യല്‍ മീഡിയ വെറ്റിങ്) വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
വിദേശ വിദ്യാർഥികൾക്കുള്ള വിസ അപ്പോയിന്റ്മെന്റുകൾ മരവിപ്പിച്ചു. വിദ്യാർഥികൾ ക്ലാസ് കട്ട് ചെയ്താൽ വിസ റദ്ദാകും. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.