ഇടപ്പള്ളിയിൽ നിന്ന് 13 വയസുകാരനെ കാണാതായ സംഭവത്തിൽ കൈനോട്ടക്കാരൻ പിടിയിൽ. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ കൈനോട്ടക്കാരൻ ശശികുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ പോക്സോ 7,8 വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
ഇടപ്പള്ളി അൽ അമീൻ സ്കൂളിൽ നിന്നും പരീക്ഷ എഴുതി വരുന്ന വഴിയ്ക്കാണ് കുട്ടിയെ കാണാതായത്. തുടർന്ന് ഇന്നലെ വൈകിട്ട് ആറരയോടെ ആണ് കുട്ടി തൊടുപുഴ ബസ്റ്റാൻഡ് പരിസരത്ത് എത്തിയത്.
ഈ സമയത്താണ് ശശികുമാർ കുട്ടിയെ കാണുന്നതും വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോകുന്നതും. വീട്ടിൽ വച്ച് ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടിയുടെ കവിളിൽ മുറിവ് പറ്റിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ തന്നെ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നതും.
പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.കുട്ടി തൊടുപുഴ ഭാഗത്ത് ഉണ്ടാകാമെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ പോലീസ് വിവരം നൽകിയിരുന്നു.