മണ്ണുത്തി: നഗരത്തിലെ ഓട്ടോ ടാക്സി തൊഴിലാളികൾ, വ്യാപാരികൾ, പോലീസുകാർ, ചുമട്ടുതൊഴിലാളികൾ എന്നിവർക്കായി ഇസാഫ് ഹെൽത്ത് കെയർ നടത്തുന്ന ‘ഹൃദ്യം’ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിയുടെ പ്രവർത്തനം രണ്ടാം വർഷത്തിലേക്ക്.
വാർഷികഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് സബ് ഇൻസ്പെക്ടർ ബൈജു കെ സി ഉദ്‌ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകനും ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസിന്റെ പ്രത്യേക താൽപര്യപ്രകാരം 2024 മുതലാണ് ഹൃദ്യം പദ്ധതി ആരംഭിച്ചത്.
വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ആരോഗ്യ സേവനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കെ പോൾ തോമസ് പറഞ്ഞു. തന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച പദ്ധതി ജനകീയമായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങി ജീവിതശൈലീ രോഗങ്ങൾ മുൻകൂട്ടി നിർണയിക്കാനും കൃത്യമായ ചികിത്സയിലൂടെ പ്രതിരോധിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ഇതിനോടകം 300ലധികം ആളുകൾ പദ്ധതിയുടെ ഗുണഭോക്താക്കളായി.
പദ്ധതിയുടെ ഭാഗമായി ഇസാഫിന്റെ ആസ്ഥാന മന്ദിരം, പോലീസ് സ്റ്റേഷൻ പരിസരം, ബൈപാസ്, ഫാംപടി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപിൽ ഇസിജി, തൈറോയ്ഡ് പരിശോധന, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ഫിസിയോതെറാപ്പി കൺസൾട്ടേഷൻ, ജനറൽ മെഡിസിൻ കൺസൾട്ടേഷൻ എന്നിവ പൊതുജനങ്ങൾക്ക് സൗജന്യമായി നൽകി.
കൗൺസിലർ രേഷ്മ ഹേമേജ്, മണ്ണുത്തി പൗരാവലി ചെയർമാൻ മുത്തു എം യു, മണ്ണുത്തി ജനകീയ കൂട്ടായ്മ ചെയർമാൻ ഭാസ്കരൻ കെ മാധവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു സി എ, ഇസാഫ് ഹെൽത്ത് കെയർ സിഇഒ നവിത ലിജിത്ത് എന്നിവർ പ്രസംഗിച്ചു. വ്യാപാരികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, സിഐടിയു പ്രതിനിധികൾ, ഇസാഫ് ഗ്രൂപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.