ചെന്നൈ അണ്ണാ സര്‍വകലാശാല ബലാത്സംഗക്കേസില്‍ പ്രതി ജ്ഞാനശേഖര്‍ കുറ്റക്കാരനാണെന്ന് കോടതി. ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. പ്രതിക്കുള്ള ശിക്ഷ കോടതി ജൂൺ രണ്ടിന് പ്രഖ്യാപിക്കും. ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 11 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ജ്ഞാനശേഖരൻ തന്നെ ഭീഷണിപ്പെടുത്തുകയും പിന്നീട് ക്യാമ്പസിൽ വെച്ച് ബലാത്സംഗം ചെയ്യുകയും പീഡനത്തിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നതായി അതിജീവിത മൊഴി നൽകിയിരുന്നു. ഫെബ്രുവരി അവസാന വാരത്തിൽ, പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ മജിസ്ട്രേറ്റിന് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. പിന്നീട്, കേസ് വനിതാ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ജ്ഞാനശേഖരനെതിരെ സെക്ഷൻ 329 (ക്രിമിനൽ അതിക്രമം), 126(2) (തെറ്റായ നിയന്ത്രണം), 87 (ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ), 127(2), 75(2) എന്നിവയോടൊപ്പം 75(i), (ii), (iii), 76, 64(1) (ബലാത്സംഗം), 351(3), 238(b) ഓഫ് ബിഎൻഎസ് ആൻഡ് ബിഎൻഎസ്എസ്, സെക്ഷൻ 66 ഓഫ് ഐടി ആക്ട്, തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരം കുറ്റം ചുമത്തി.
ഇക്കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അണ്ണാ സര്‍വകലാശാല ക്യാമ്പസിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.
വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് കോട്ടൂര്‍പുരം സ്വദേശിയായ ജ്ഞാനശേഖരന്‍(37). ഇയാള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.