Business

നിക്ഷേപകരുടെ വഴികാട്ടി ഇന്ത്യയിലേക്ക്; അംബാനിയും ലാറി ഫിങ്കും ഒന്നിക്കുമ്പോൾ…

ലാറി ഫിങ്ക്, നിക്ഷേപകർക്ക് ഈ പേര് സുപരിചിതനാണ്. കോടിശ്വരന്മാരരായ നിക്ഷേപകർ പലരുടേയും വിജയത്തിന് പിന്നിൽ ഈ പേരുണ്ട്. ഇപ്പോൾ ഇന്ത്യയുടെ കോടീശ്വരൻ മുകേഷ് അംബാമിയോടൊപ്പവും ഈ പേര് ചേർത്ത് വായിക്കുകയാണ്. ആരാണ് ലാറി ഫിങ്ക്??
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായ ബ്ലാക്ക് റോക്കിന്റെ ക്യാപ്റ്റനാണ് ലാറി ഫിങ്ക്. അവിശ്വസനീയമായ തുക കൈകാര്യം ചെയ്യാന്‍ മിടുക്കനാണ് ഇദ്ദേഹം. അതെ, ലാറി ഫിങ്ക് ബ്ലാക്ക് റോക്കിന്റെ ചെയര്‍മാനും, സിഇഒയുമാണ്. ഇദ്ദേഹം കൈകാര്യം ചെയ്യുന്ന തുക പല രാജ്യങ്ങളുടെയും മുഴുവന്‍ സമ്പദ്വ്യവസ്ഥകളേക്കാളും കൂടുതലാണ്.

 

1988-ല്‍ ഏഴ് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഫിങ്ക് ബ്ലാക്ക് റോക്ക് ആരംഭിച്ചത്. 37 വര്‍ഷത്തിലേറെയായി, ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രധാന കമ്പനികളില്‍ ഇവര്‍ നിക്ഷേപം നടത്തുന്നു. അദ്ദേഹത്തിന്റെ പ്രധവന വരുമാന മാര്‍ഗവും ഈ ആസ്തി കൈകാര്യം ചെയ്യലില്‍ നിന്നു തന്നെ.

 

അസറ്റ് മാനേജ്മെന്റ് കമ്പനികളെ (AMC-കള്‍) സാമ്പത്തിക ഗൈഡായി കണാം. ഇവ നിക്ഷേപകര്‍ക്കും, നിക്ഷേപത്തിനും ഇടയിലുള്ള ഒരു പാലമാണ്. പല നിക്ഷേപകരില്‍ നിന്നു സ്വരൂപിക്കുന്ന തുക ഇവര്‍ ഒരു വലിയ ഫണ്ടാക്കി നിക്ഷേപിക്കുന്നു. ഇവരുടെ ലക്ഷ്യം മികച്ച വരുമാനം മാത്രമായിരിക്കും. ബ്ലാക്ക് റോക്ക് ലോകത്തിലെ ഏറ്റവും വലിയ എഎംസി ആണ്. ഇവരുടെ നീക്കങ്ങള്‍ പലപ്പോഴും ഓഹരി വിപണികളില്‍ തരംഗം സൃഷ്ടിക്കുന്നു.

മുകേഷ് അംബാനിയുടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ആണ് ബ്ലാക്ക്‌റോക്കിനെ ഇന്ത്യയില്‍ എത്തിക്കുന്നത്. ബ്ലാക്ക്‌റോക്കിന്റെ ലോകപ്രശസ്ത നിക്ഷേപ തന്ത്രങ്ങള്‍ ഇനി ഇന്ത്യന്‍ നിക്ഷേപകര്‍ക്കും ലഭ്യമാകുമെന്നു സാരം. ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌ണെന്റിന് മ്യൂച്വല്‍ഫണ്ട് ബിസിനസ് ചെയ്യാന്‍ ഇന്ത്യന്‍ വിപണി റെഗലേറ്ററായ സെബി അനുമതി നല്‍കി കഴിഞ്ഞു. ആഗോളതലത്തില്‍ ഇന്ത്യന്‍ വിപണി എത്രത്തോളം പ്രധാനമാണെന്ന് തെളിയിക്കുന്നതാണ് ഈ കടന്നുവരവ്.

ബ്ലാക്ക് റോക്കിന്റെ സാമ്പത്തിക ശക്തി ശരിക്കും നിങ്ങളെ ഞെട്ടിക്കും. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ബ്ലാക്ക്‌റോക്കിന്റ ആസ്തി ഏകദേശം 11.6 ട്രില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളുടെയും ജിഡിപിയുടെ ഇരട്ടിയോ, മൂന്നിരട്ടിയോ ആണിത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസിന്റെ സമ്പദ്‌വ്യവസ്ഥ 30 ട്രില്യണ്‍ ഡോളര്‍ ആണ്. അതായത് ലാറിയുടെ സാമ്രാജ്യം മൊത്തം യുഎസ് ആസ്തിയുടെ പകുതിയോളം വരും.