വര്‍ഷങ്ങള്‍ക്കു മുമ്പ് എം.ഇ.എസ് കോളജിലെ കെ.എസ്.യുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാ ന്‍ പോയപ്പോള്‍, ആര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍ താമസിച്ചതിനെ കുറിച്ച് ഹൃദ്യമായി എഴുതിയിരിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്. അന്ന് കുളിക്കാന്‍ സോപ്പും തോര്‍ത്തും കൊണ്ടു തന്ന നിക്കര്‍ ഇട്ടകുട്ടിയെ ഇന്നും ഓര്‍മ്മിക്കുന്നു. അവിടെ നിന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വിളര്‍ന്ന ആ കുട്ടി ഇന്ന് നിലമ്പൂരിന്റെ മണ്ണില്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങുകയാണ്. ‘എന്റെ ബാപ്പുട്ടി’ എന്നാണ്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യു.ഡി.എഫ് ഇറക്കിയിരിക്കുന്ന ആര്യാടന്‍ ഷൗക്കത്തിനെ ചെറിയാന്‍ ഫിലിപ്പ് വിളിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെങ്കിലും പി.വി. അന്‍വറിന്റെ കാര്യത്തില്‍ വലിയ പ്രശ്‌നമാണ്.
ഇത് പരിഹരിക്കാന്‍ കഴിയുമോ എന്ന വിഷയം ഒരു വശത്തു നില്‍ക്കുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണയുമായി രംഗത്തിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. അതില്‍ പ്രധാനി കൂടിയാണ് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഹൃദ്യമായ എഴുത്ത്, സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിലമ്പൂരിന്റെ എം.എല്‍.എ ആകുമെന്ന് ചെറിയാന്‍ ഫിലിപ്പും പറഞ്ഞിട്ടുണ്ട്. അത് സത്യമാകാന്‍ പോകുന്നുവെന്നാണ് എഴുത്തിലൂടെ അടിവരയിട്ടു പറയുന്നതും.
ചെറിയാന്‍ ഫിലിപ്പിന്റെ എഴുത്തിലൂടെ..
അര നൂറ്റാണ്ടു മുമ്പാണ് ഞാന്‍ ബാപ്പുട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും. 1975-ല്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറിയായിരുന്ന ഞാന്‍ മമ്പാട് എം.ഇ.എസ് കോളജിലെ കെ.എസ്.യുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനാണ് നിലമ്പൂരില്‍ എത്തിയത്. അന്ന് ഡി.സി.സി പ്രസിഡണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മകന്‍ നിക്കര്‍ ധാരിയായ ബാപ്പുട്ടിയാണ് എനിക്ക് തോര്‍ത്തും സോപ്പും എടുത്തു തന്നത്. ഭക്ഷണ മേശയില്‍ ബാപ്പുട്ടിയും എന്നോടൊപ്പം ഇരുന്നു. ബാപ്പുട്ടിയ്ക്ക് എന്നേക്കാള്‍ 10 വയസ് കുറവ്.
1977-ല്‍ ആര്യാടന്‍ നിലമ്പൂരില്‍ മത്സരിച്ചപ്പോള്‍ ഞാന്‍ പ്രചരണത്തിനു പോയി. ചുങ്കത്തറ, വഴിക്കടവ് എന്നിവിടങ്ങളിലാണ് പ്രസംഗിച്ചത്. അപ്പോള്‍ ബാപ്പുട്ടി എനിക്ക് അകമ്പടിയായി വന്നിരുന്നു. 1979 ല്‍ ഞാന്‍ കെ എസ്.യു പ്രസിഡണ്ടായിരുന്നപ്പോള്‍ ബാപ്പുട്ടി നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍ ലീഡറായി.
1980-ല്‍ ആര്യാടന്‍ മന്ത്രിയായ ശേഷമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരു മാസത്തോളം ഞാന്‍ നിലമ്പൂരില്‍ പ്രചരണ രംഗത്തുണ്ടായിരുന്നു. എപ്പോഴും ബാപ്പുട്ടിയെ കാണും. ബാപ്പുട്ടി മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തൈക്കാട് ഹൗസിലായിരുന്നു താമസം. ഉമ്മന്‍ ചാണ്ടിയോടൊപ്പം അവിടെ നിത്യ സന്ദര്‍ശകനായിരുന്ന ഞാന്‍ ബാപ്പുട്ടിയോട് കൂടുതല്‍ അടുത്തു. തൈക്കാട് ഹൗസില്‍ എപ്പോള്‍ ചെന്നാലും വിഭവസമൃദ്ധമായ ഭക്ഷണം.
ആ കാലത്താണ് ഞാന്‍ രചിച്ച കാല്‍ നൂറ്റാണ്ട് എന്ന ചരിത്രപരമ്പര കേരള ശബ്ദത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഒരു സ്ഥിരം വായനക്കാരനായി ബാപ്പുട്ടി മാറി. എപ്പോള്‍ കണ്ടാലും സംശയാലുവായ ബാപ്പുട്ടി ചരിത്രപരമായ സംശയങ്ങള്‍ എന്നോട് തുടരെ തുടരെ ചോദിച്ചു കൊണ്ടിരുന്നു. ആര്യാടന്‍ മന്ത്രിയല്ലാതായപ്പോള്‍ ബാപ്പുട്ടിയുടെ പഠനം മമ്പാട് കോളജിലേക്ക് മാറ്റി. പുസ്തകങ്ങളുടെ അടിമയായ വിജ്ഞാന കുതുകിയായ ഒരു കുഞ്ഞനുജനെയാണ് എനിക്ക് ലഭിച്ചത്. ബാപ്പുട്ടി എപ്പോള്‍ തിരുവനന്തപുരത്തു വന്നാലും എന്നെ കാണുമായിരുന്നു. 1992-ല്‍ ഞാന്‍ പ്രസിഡണ്ടായി കേരളദേശീയവേദി എന്ന സാമൂഹ്യ സംഘടന രൂപീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാ പ്രസിഡണ്ടായി കണ്ടെത്തിയത് ബാപ്പുട്ടിയെയാണ്. ദേശീയവേദിയിലൂടെയാണ് ആര്യാടന്‍ ഷൗക്കത്ത് എന്ന നാമധേയം ശ്രദ്ധേയമായത്.
ഒരിക്കല്‍ നിലമ്പൂരില്‍ എത്തിയപ്പോള്‍ ഷൗക്കത്തിനെ നിലമ്പൂരിലെ എം.എല്‍.എയാക്കുകയാണ് എന്റെ ലക്ഷ്യമെന്ന് ആര്യാടന്‍ മുഹമ്മദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം കുലുങ്ങിച്ചിരിച്ചു. വീട്ടില്‍ കലഹമുണ്ടാക്കുകയാണോ ചെറിയാന്റെ ലക്ഷ്യമെന്ന് ആര്യാടന്‍ മറുചോദ്യം ഉന്നയിച്ചു. ആര്യാടനെ മാറ്റുകയാണ് എന്റെ ലക്ഷ്യമെന്ന് ഞാന്‍ മുഖത്തടിച്ച പോലെ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട ദിവസം ഞാന്‍ ആര്യാടന്‍ മുഹമ്മദിനു പകരം ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി പറഞ്ഞ കാര്യം ചരിത്രരേഖയാണ്. സണ്ണി ജോസഫ് ഉള്‍പ്പെടെ പത്തു പേരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. പത്തു വര്‍ഷം കഴിഞ്ഞാണ് സണ്ണി പേരാവൂരില്‍ എം.എല്‍.എയായത്.
ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായപ്പോഴും നിലമ്പൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയപ്പോഴും ചെല്ലും ചെലവും തന്ന് എന്നെ ക്ഷണിച്ചു കൊണ്ടുപോയി. ഇടതുപക്ഷത്തായിരുന്ന എന്നെ വികസന സെമിനാറിലും സാംസ്‌ക്കാരിക സദസിലും എന്നെ മുഖ്യപ്രഭാഷകാനാക്കി. റെയില്‍വേ സ്റ്റേഷനില്‍ വന്ന് കൂട്ടി കൊണ്ടുപോയ എന്നെ എപ്പോഴും ആര്യാടന്‍ഹൗസില്‍ തന്നെ താമസിപ്പിച്ചു എപ്പോള്‍ കണ്ടാലും വിളിച്ചാലും ഒരാവശ്യം മാത്രമേ ബാപ്പുട്ടി ഉന്നയിച്ചിക്കുന്നുള്ളൂ. _ ചെറിയാന്‍ജി കോണ്‍ഗ്രസിലേക്ക് മടങ്ങിവരണം.
പാഠം ഒന്ന് ഒരു വിലാപം എന്ന ഷൗക്കത്തിന്റെ പ്രഥമ സിനിമ കാണാന്‍ പ്രിവ്യുവിന് ഷൗക്കത്ത് എന്നെ ക്ഷണിച്ചു കൊണ്ടുപോയിരുന്നു. അതിലെ ദുഃഖപുത്രിയായി അഭിനയിച്ച മീരാ ജാസ്മിന്റെ കഥാപാത്രം എന്നിലും കണ്ടവരിലും വേദനയുണ്ടാക്കി. കരഞ്ഞു കൊണ്ടാണ് തിയേറ്റര്‍ വിട്ടു പുറത്തുവന്നത്. വിലാപങ്ങള്‍ക്കപ്പുറം,ദൈവ നാമത്തില്‍, വര്‍ത്തമാനം എന്നീ സിനിമകളും കണ്ടിരുന്നു. ഈ സിനിമകളുടെ കാതല്‍ സാമൂഹ്യ പരിഷ്‌ക്കരണമാണെന്ന് ഷൗക്കത്ത് എന്നോട് പറഞ്ഞു. മുസ്ലീം ബാലികമാരുടെ ദുഃഖമാണ് ഷൗക്കത്ത് സിനിമയിലൂടെ വെട്ടിത്തുറന്നു പറഞ്ഞത്. ആര്യാടന്‍ ഷൗക്കത്തിനെ ഭാവിയില്‍ ചരിത്രം ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്തായി രേഖപ്പെടുത്തുമെന്ന് അന്നുതന്നെ ഞാന്‍ പ്രവചിച്ചിരുന്നു. പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. എന്തായാലും ഷൗക്കത്തിന്റെ സിനിമയ്ക്കു ശേഷം മുസ്ലീം സമുദായത്തില്‍ പുതിയ തലമുറയില്‍ ഒരു നവോത്ഥാനം തന്നെയുണ്ടായി.
എന്തായാലും മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നിലമ്പൂര്‍ എം.എല്‍.എയെന്ന് ഞാന്‍ ആഗ്രഹിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത എന്റെ സ്വന്തം ബാപ്പുട്ടി ജൂണ്‍ ഒടുവില്‍ നിയമസഭയിലെത്തും. എന്റെ സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ ഗണേശ് കുമാര്‍, മുകേഷ് എന്നിവരുടെ നിരയിലായിരിക്കില്ല ഷൗക്കത്തിനെ കേരള സമൂഹം’ കാണുന്നത്. മുസ്ലീം സ്ത്രീകളെ സ്വതന്ത്ര ലോകത്തിലേക്ക് ആനയിക്കുന്നതില്‍ സിനിമയേയും കലയേയും ഉപാധിയാക്കിയ ആര്യാടന്‍ ഷൗക്കത്ത് കേരള നിയമസഭയുടെ അഭിമാനഭാജകമായി തീരും.
CONTENT HIGH LIGHTS; “My own Baputti”: Cherian Philip writes about UDF candidate Aryadan Shoukat from Nilambur constituency