വാഹനപ്രേമികൾക്കായിതാ സന്തോഷ വാർത്ത മെഴ്‌സിഡീസ് ബെൻസിന്റെ എ.എം.ജി. ജി63 പുതിയ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കളക്ടേഴ്‌സ് എഡിഷൻ എന്നാണ് ഇവന് പേരിട്ടിരിക്കുന്നത്. 2025 ജൂൺ 12 -ന് ഈ കിടിലൻ ഐറ്റം ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
‘ഇൻസ്പയർഡ് ബൈ ഇന്ത്യ’ അല്ലെങ്കിൽ ഇന്ത്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രത്യേക പതിപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2023-ൽ എത്തിയ പ്രത്യേക പതിപ്പായ ഗ്രാൻഡ് എഡിഷന് ശേഷം, ഇന്ത്യയിൽ ലഭ്യമാകുന്ന എ.എം.ജി. ജി63 അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ സ്പെഷ്യൽ എഡിഷനായിരിക്കും കളക്ടേഴ്‌സ് എഡിഷൻ.
2023-ലെ ഗ്രാൻഡ് എഡിഷൻ ഇന്ത്യ ഉൾപ്പെടെ ആഗോള വിപണികളിലെ ഉപഭോക്താക്കൾക്കായി പുറത്തിറക്കിയ പരിമിതമായ മോഡലായിരുന്നു. എന്നാൽ മറ്റ് വിപണികളിൽ സമാനമായ കളക്ടേഴ്‌സ് എഡിഷൻ അവതരിപ്പിക്കില്ലെന്നാണ് മെഴ്സിഡസ് ഇന്ത്യ അറിയിക്കുന്നത്.
സ്റ്റാൻഡേർഡ് G 63-നെ അപേക്ഷിച്ച് കളക്ടേഴ്‌സ് എഡിഷന് ചില കോസ്മെറ്റിക് മാറ്റങ്ങളുണ്ട്. ബോഡി കളറിലുള്ള ബമ്പറുകളും ഫെൻഡർ എക്സ്റ്റൻഷനുകളും ഇതിൽ ഉൾപ്പെടുന്നു. ലൈറ്റ് ക്ലസ്റ്ററുകൾക്ക് ഡാർക്ക് ഫിനിഷ് നൽകിയിട്ടുണ്ട്. അലോയ് വീലുകൾക്ക് സ്റ്റാൻഡേർഡ് G 63-ന്റെ അതേ ഡിസൈനാണുള്ളത്. ഇന്റീരിയറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല.
സ്റ്റാൻഡേർഡ് മോഡലിൽനിന്ന് കളക്ടേഴ്‌സ് എഡിഷന് കാര്യമായ മെക്കാനിക്കൽ അപ്‌ഡേറ്റുകൾ ലഭിക്കാൻ സാധ്യതയില്ല. നിലവിലുള്ള AMG 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എൻജിനാകും ഈ സ്പെഷ്യൽ എഡിഷനും കരുത്തേകുക. ഇത് 577 ബിഎച്ച്പി പവറും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 3.60 കോടി രൂപ (എക്സ്-ഷോറൂം) വിലയുള്ള സ്റ്റാൻഡേർഡ് G 63-യേക്കാൾ ഉയർന്ന വില കളക്ടേഴ്‌സ് എഡിഷന് പ്രതീക്ഷിക്കാം.