ജൂണ്‍മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയുമെന്നും ഇതിന്റെ ഭാഗമായി പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കുമെന്നും KSEB. പ്രതിമാസ ദ്വൈമാസ ബില്ലുകളില്‍ ഇപ്പോള്‍ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെ.എസ്.ഇ.ബി ഉത്തരവായിട്ടുണ്ട്.
ഇക്കൊല്ലം തന്നെ ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു. ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്. അതേസമയം, കാലവര്‍ഷക്കെടുതികള്‍ വൈദ്യുതി വകുപ്പിന് കോടികളുടെ നഷ്മാണ് വരുത്തിയിരിക്കുന്നത്. മിക്ക ഇടങ്ങളിലും വൈദ്യുതി ലൈനുകള്‍ പൊട്ടുകയും, വൈദ്യുതി കിട്ടാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.
കേരളത്തില്‍ ഉടനീളം വീശിയടിച്ച കാറ്റിലും വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക കണക്കുകളനുസരിച്ച് 60 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായിട്ടുള്ളത്.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങള്‍ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാര്‍ പൂര്‍ണ്ണമായും കര്‍മ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങള്‍ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമം നടന്നുവരുന്നു. പലയിടത്തും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ നിരവധി ഹൈ ടെന്‍ഷന്‍ ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും ഓഫ് ചെയ്ത് വയ്‌ക്കേണ്ട സ്ഥിതിയുണ്ട്.
അപൂര്‍വ്വം ചിലയിടങ്ങളില്‍ ഉപഭോക്താക്കള്‍ കെ എസ് ഇ ബി ഓഫീസുകളിലെത്തി പ്രശ്‌നമുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. ചിലയിടങ്ങളില്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും പരാതികളുണ്ട്. ജീവനക്കാരുടെ കൃത്യനിര്‍വ്വഹണത്തെയും ആത്മവീര്യത്തെയും തടസ്സപ്പെടുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ.വി ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുന്‍ഗണന നല്‍കുക.
തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. മാന്യ ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
CONTENT HIGH LIGHTS;Will there be relief in electricity bills?: Fuel surcharge reduced; Efforts are being made on a war footing to restore electricity