നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പി.വി.അന്‍വര്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ . യുഡിഎഫിന്റെ നയങ്ങളോട് അന്‍വര്‍ യോജിക്കണം. അന്‍വര്‍ എല്‍ഡിഎഫിനെതിരെ, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ത്തിക്കൊണ്ടാണ് എല്‍ഡിഎഫ് വിട്ടതും എംഎല്‍എ സ്ഥാനം രാജിവെച്ചതും. ആ നയങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ജനകീയ കോടതിയില്‍ ചോദ്യം ചെയ്ത് എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു തിരിച്ചടി നല്‍കണമെങ്കില്‍ ആര്‍ക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തില്‍ അത് വളരെ സുവ്യക്തമാണ്. എല്‍ഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോള്‍ നിലമ്പൂരും കാണാന്‍ പോകുകയാണ്.
സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ കമ്മിറ്റി, നേരിട്ട് യോഗം ചേരാന്‍ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുന്‍ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരില്‍ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാല്‍ പിന്നെ യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഒരാളും പാര്‍ട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അന്‍വര്‍ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.