കേരളതീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും ട്രോള്‍ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നതിനുമായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകള്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കും. നിലവില്‍ 20 നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.
ഈ നിയന്ത്രണം ാറ്റി കപ്പല്‍മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യ നിരോധനം ചുരുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികളും കൈക്കൊള്ളും. അതിന്റെ ഭാഗമായി കേന്ദ്രവുമായി സംസാരിച്ചിട്ടുണ്ടെന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചിരിക്കുന്നതെന്നും കാര്യങ്ങളെല്ലാം വിശദീകരിച്ച് കേന്ദ്രത്തിന് ഉടന്‍ കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യ നീക്കവും അതിവേഗം പുരോഗമിക്കുകയാണ്.
എല്ലാ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനം നടക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കണ്ട് കാര്യങ്ങള്‍ വേഗത്തില്‍ ആക്കുകയാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ഫിഷറീസ് വകുപ്പ് സെക്രട്ടറി അബ്ദുല്‍ നാസര്‍, ഡയറക്ടര്‍ സഫ്‌ന നസറുദ്ദീന്‍, പി പി ചിത്തരഞ്ജന്‍ എംഎല്‍എ, ട്രേഡ് യൂണിയന്‍ നേതാക്കള്‍, കുഫോസ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, കോസ്റ്റ് ഗാര്‍ഡ്, മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ട്രോള്‍ നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31വരെ
സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോള്‍ നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. അതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധന സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം വൈപ്പിന്‍ ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തിക്കും. കഴിഞ്ഞവര്‍ഷം നിരോധനം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി ഈ വര്‍ഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
CONTENT HIGH LIGHTS; Minister: Can we eat sea fish?: There is no need to worry; So is it not a problem if the ship capsizes and the container breaks?; Trawling banned in the state from June 9 to July 31