കഥാപാത്രത്തിന് വേണ്ടി തലമുണ്ഡനം ചെയ്ത് അയ്ഷ്ബിന്‍ ശ്രദ്ധേയയായി

കഥാപാത്രത്തിന്റെ മിഴിവിനു വേണ്ടി, തന്റെ മനോഹരമായ ചുരുണ്ട മുടി മുറിച്ച അയ്ഷ്ബിന്‍ എന്ന പതിമൂന്ന് കാരി ശ്രദ്ധേയയായി. എന്‍.എന്‍.ബൈജു സംവിധാനം ചെയ്യുന്ന ‘ദ ലൈഫ് ഓഫ് മാന്‍ഗ്രോവ് ‘എന്ന ചിത്രത്തിനു വേണ്ടിയാണ് അയ്ഷ്ബിന്‍ തല മുണ്ഡനം ചെയ്തത്. തലമുട്ടയടിച്ചപ്പോള്‍ ലഭിച്ച മനോഹരമായ മുടി തൃശൂര്‍ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് സംഭാവന ചെയ്യുകയും ചെയ്തു.

പാലക്കാട് വല്ലപ്പുഴയില്‍ വീരാന്‍ , ബുഷ്‌റ ദമ്പതികളുടെ മകളായ അയ്ഷ്ബിന്‍, ഒഎച്ച്എസ്എസ് സ്‌ക്കൂളില്‍ എട്ടാം ഗ്ലാസ് വിദ്യാര്‍ത്ഥിയാണ്. ചെറുപ്പം മുതല്‍ നൃത്തനാടക രംഗത്ത് കഴിവ് തെളിയിക്കുന്ന ഈ കൊച്ച് കലാകാരി,ദ ലൈഫ് ഓഫ് മാന്‍ഗ്രോവ് എന്ന ചിത്രത്തിലെ അച്ചു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ കൂടുതല്‍ ശ്രദ്ധേയയായിരിക്കുകയാണ്.

ക്യാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിയായ അച്ചുവിന്റെ വേഷമാണ് അയ്ഷ്ബിന്‍ അവതരിപ്പിച്ചത്. ക്യാന്‍സര്‍ ബാധിച്ചതോടെ അച്ചു തന്റെ മനോഹരമായ ചുരുണ്ടമുടി മുറിക്കുകയായിരുന്നു. കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം ഒരു ഗ്രാമം മുഴുവന്‍ ക്യാന്‍സര്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. ക്യാന്‍സര്‍ മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട അച്ചു എന്ന കൊച്ചു പെണ്‍കുട്ടിയെയും അവസാനം ക്യാന്‍സര്‍ എന്ന മാരക രോഗം ബാധിച്ചു. അച്ചു തന്റെ കഥയും, തന്റെ ഗ്രാമത്തിന്റെ കഥയും ലോകത്തെ അറിയിക്കുകയായിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് അച്ചു എന്ന പെണ്‍കുട്ടി. ഈ കഥാപാത്രത്തെ വിജയിപ്പിക്കാനായി സ്വന്തം തലമുടി പോലും മുറിച്ച ഈ പതിമൂന്നുകാരിയെ ഇന്ന് കലാലോകം അംഗീകരിച്ചിരിക്കുന്നു. ചിത്രം റിലീസ് ചെയ്യുന്നതോടെ, അച്ചു എന്ന കഥാപാത്രവും,അയ്ഷ്ബിന്‍ എന്ന നടിയും കൂടുതല്‍ ശ്രദ്ധേയയാകും. 2024 ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ദ ലൈഫ് ഓഫ് മാന്‍ഗ്രോവ് ജൂണ്‍ 6-ന് തീയേറ്ററിലെത്തും.

എസ്. ആന്‍ഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായര്‍ , ഹംസ പി.വി. കൂറ്റനാട്, ഉമ്മര്‍ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ദ ലൈഫ് ഓഫ് മാന്‍ഗ്രോവ് എന്ന ചിത്രം രചന, സംവിധാനം – എന്‍.എന്‍.ബൈജു , ക്യാമറ – നിധിന്‍ തളിക്കുളം, എഡിറ്റിംഗ് – ജി.മുരളി, ഗാനങ്ങള്‍ – ഡി.ബി.അജിത്ത്, സംഗീതം – ജോസി ആലപ്പുഴ, കല-റെ ജി കൊട്ടാരക്കര,കോസ്റ്റ്യൂം – വിഷ്ണു രാജ്, മേക്കപ്പ് – ബിനോയ് കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശ്യാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രതീഷ് ഷൊര്‍ണ്ണൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ – സോന ജയപ്രകാശ്,അസിസ്റ്റന്റ് ഡയറക്ടര്‍- ബ്ലസന്‍ എസ്, ഹരിത, വിനയ, സ്റ്റില്‍ – മനു ശങ്കര്‍, പി.ആര്‍.ഒ – അയ്മനം സാജന്‍

സുധീര്‍ കരമന, നിയാസ് ബക്കര്‍, ദിനേശ് പണിക്കര്‍, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിന്‍, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹന്‍ ,നസീര്‍ മുഹമ്മദ് ചെറുതുരുത്തി , ബിജു രാജ്,കോട്ടത്തല ശ്രീകുമാര്‍ എന്നിവര്‍ അഭിനയിക്കുന്നു. ജൂണ്‍ 6 – ന് ചിത്രം തീയേറ്ററിലെത്തും.