Business

ന്യൂ നിസാന്‍ മാഗ്‌നൈറ്റ് ഇപ്പോള്‍ സിഎന്‍ജി റെട്രോഫിറ്റ്‌മെന്റ് കിറ്റ് സഹിതവും ലഭ്യം

ന്യൂ ഡെല്‍ഹി : നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ ജനപ്രിയ എസ്യുവിയായ ന്യൂ നിസ്സാന്‍ മാഗ്‌നൈറ്റ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി റെട്രോഫിറ്റ്മെന്റ് കിറ്റ് സഹിതവും ലഭ്യം. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഗുണനിലവാരം ഉറപ്പുനല്‍കിക്കൊണ്ട്, മോട്ടോസെന്‍ (തേര്‍ഡ് പാര്‍ട്ടി) ആണ് ഈ സിഎന്‍ജി കിറ്റ് പൂര്‍ണ്ണമായും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പറഞ്ഞു. കിറ്റിന്റെ ഘടകങ്ങള്‍ക്ക് വാറന്റി നല്‍കുന്നതും മോട്ടോസെന്‍ തന്നെയാണ്. ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ നിസ്സാന്റെ സംരംഭം. ഈ കിറ്റുകളുടെ ഫിറ്റ്മെന്റ് സര്‍ക്കാര്‍ അംഗീകൃത ഫിറ്റ്മെന്റ് കേന്ദ്രങ്ങളിലാണ് ചെയ്യുക. ഈ സമ്പൂര്‍ണ്ണ റെട്രോഫിറ്റ്മെന്റിന് കേവലം 74,999 രൂപ മാത്രം അധികമായി നല്‍കിയാല്‍ മതിയാവും.

സുസ്ഥിരതയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും അവബോധമുള്ള ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയ ഈ പരിസ്ഥിതി സൗഹൃദ സിഎന്‍ജി കിറ്റ് ഫിറ്റ്‌മെന്റ് ഘട്ടം ഘട്ടമായി രാജ്യമെമ്പാടും നടപ്പിലാക്കും. ആദ്യ ഘട്ടത്തില്‍, ഡല്‍ഹി-എന്‍സിആര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, കര്‍ണാടക തുടങ്ങിയ 7 സംസ്ഥാനങ്ങളിലെ നിസ്സാന്‍ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി നിസ്സാന്‍ ഉപഭോക്താക്കള്‍ക്ക് സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാളേഷന്‍ ഓര്‍ഡര്‍ ചെയ്യാം. രണ്ടാം ഘട്ടത്തില്‍ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും.

മാനുവല്‍ ഗിയര്‍ബോക്‌സുള്ള ന്യൂ നിസ്സാന്‍ മാഗ്‌നൈറ്റ് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് മാത്രമേ ഈ സിഎന്‍ജി കിറ്റ് ഓപ്ഷന്‍ ലഭ്യമാകൂ. സിഎന്‍ജി റെട്രോഫിറ്റഡ് കിറ്റ് ഉപയോഗിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കും. നിലവിലുള്ള പ്രാദേശിക നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന സര്‍ട്ടിഫൈഡ് ഹോമോലോഗേറ്റഡ് കിറ്റുള്ള ഈ സിഎന്‍ജി കിറ്റുകള്‍ സര്‍ക്കാര്‍ അംഗീകൃത വെണ്ടര്‍മാര്‍ വഴിയാണ് റെട്രോഫിറ്റ് ചെയ്യുക.

ന്യൂ നിസ്സാന്‍ മാഗ്‌നൈറ്റ് തങ്ങളെ സംബന്ധച്ച് ഒരു അസാധാരണ ഉല്‍പ്പന്നമാണെന്നും അതാണ് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ വിജയഗാഥയ്ക്ക് നേതൃത്വം നല്‍കിയതെന്നും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സൗരഭ് വത്സ അഭിപ്രായപ്പെട്ടു. ‘ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, നിസ്സാന്‍ ഡീലര്‍മാര്‍ സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി റെട്രോഫിറ്റ്‌മെന്റ് കിറ്റിന്റെ രൂപത്തില്‍ ഒരു ഇതര ഇന്ധന ഓപ്ഷന്‍ നല്‍കും, ഇത് ഉപഭോക്താക്കള്‍ക്കായി അംഗീകൃത ഫിറ്റ്‌മെന്റ് സെന്ററുകളിലാണ് നടത്തുക. ഈ നീക്കം ജനപ്രിയ കോംപാക്റ്റ് എസ്യുവിയുടെ മൂല്യവും പ്രായോഗികതയും വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.

ന്യൂ മാഗ്‌നൈറ്റ് എസ്യുവിയുടെ ഈ മികച്ച രൂപകല്‍പ്പന, ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതും ഒന്നാമത്തേതുമായ ഇരുപതിലധികം സവിശേഷതകളും, 55ലധികം സുരക്ഷാ സവിശേഷതകളും ഉള്ളതായതിനാല്‍ തന്നെ കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള ഏറ്റവും മികച്ച മോഡലായി ഇതിനെ മാറ്റുന്നു. റോഡിലെ മികച്ച പ്രഭാവവും പ്രീമിയം സവിശേഷതകളും, ആഗോളതലത്തില്‍ തന്നെ ഇതിനുള്ള വ്യാപനവുമായി, റൈറ്റ്-ഹാന്‍ഡ് ഡ്രൈവിലും ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവിലുമായി ന്യൂ നിസാന്‍ മാഗ്‌നൈറ്റിന്റെ സാന്നിധ്യം ഇപ്പോള്‍ 65-ലധികം രാജ്യങ്ങളിലുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്ക് www.nissan.in സന്ദര്‍ശിക്കുക.

Tags: NISSAN CAR