യൂറോപില്‍ വില്പനയുടെ കാര്യത്തില്‍ ടെസ്ല വന്‍ തിരിച്ചടിയാണ് നേരിട്ടത്. ടെസ്ല വില്പനയില് ഇടിവു നേരിടുമ്പോള്‍ ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കള്‍ വന്‍ കുതിപ്പ് തുടരുന്നുമുണ്ട്. ഏപ്രിലില്‍ 49 ശതമാനം ഇടിവാണ് വില്പനയില് ടെസ്ല നേരിട്ടത്. യൂറോപ്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് കണക്കു പ്രകാരം 7,261 ടെസ്ലകളാണ് യൂറോപില്‍ വിറ്റത്.
ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം കുറവാണ്. യൂറോപിലെ ഏപ്രില്‍ മാസത്തെ വൈദ്യുത കാര്‍ വില്പന 34.1 ശതമാനം വര്‍ധിച്ചതിനിടെയാണ് ടെസ്ല ഈ തിരിച്ചടി നേരിടുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സിഇഒ എലോണ്‍ മസ്ക് സജീവമായി ഇടപെട്ടു തുടങ്ങിയ 2024 മുതല്‍ ടെസ്ലയുടെ ബ്രാന്‍ഡ് മൂല്യം ഇടിയുകയാണ്. ഈ വര്‍ഷം തുടക്കത്തില്‍ ജര്‍മനിയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിക്കൊപ്പം എലോണ്‍ മസ്ക് കൈകോര്‍ത്തിരുന്നു. സ്കാന്ഡിനേവിയന് തൊഴിലാളി സംഘടനകളില്‍ നിന്നും ടെസ്ലക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി മസ്ക് 300 ദശലക്ഷം ഡോളര്‍ ചിലവാക്കിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ തന്നെ ടെസ്ലയുടെ വില്പന 40 ശതമാനം ഇടിഞ്ഞിരുന്നു.
യൂറോപ്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് കണക്കു പ്രകാരം ചൈനീസ് ഇവി, ഹൈബ്രിഡ് കമ്പനികള്‍ 59 ശതമാനം വില്പന വളര്‍ച്ചയാണ് ഏപ്രിലില്‍ യൂറോപ്യന്‍ വിപണിയില്‍ നേടിയിരിക്കുന്നത്. മാര്‍ച്ചില്‍ 28 ശതമാനം വില്പന തളര്‍ച്ച ടെസ്ല നേരിട്ടിരുന്നു. ഫെബ്രുവരിയിലാവട്ടെ 43 ശതമാനമായിരുന്നു വില്പനയിലുണ്ടായ ഇടിവ്. രാജ്യാന്തര തലത്തിലും ടെസ്ല 13 ശതമാനത്തിന്റെ വില്പന ഇടിവാണ് ഇക്കഴിഞ്ഞ പാദവാര്‍ഷികത്തില്‍ നേടിയത്.
മെയ് മാസത്തില്‍ ടെസ്ലയുടെ ഓഹരികളുടെ മൂല്യം ഉയര്‍ന്നതും എലോണ്‍ മസ്കിന് പ്രതീക്ഷയായിരുന്നു. ഒപ്പം പ്രധാന എതിരാളിയായ ചൈനീസ് കമ്പനി ബിവൈഡിയുടെ ഓഹരി ഒമ്പത് ശതമാനം മൂല്യം കുറയുകയും ചെയ്തു. ബിവൈഡി വാഹനങ്ങള്‍ക്ക് 15-30 ശതമാനം ഡിസ്കൗണ്ട് നല്‍കാനുള്ള തീരുമാനത്തിനു പിന്നാലെയായിരുന്നു ഇത്. അപ്പോഴും രാജ്യാന്തര നിക്ഷേപ, ബാങ്കിങ്, സാമ്പത്തിക സേവന സ്ഥാപനമായ ജെപി മോര്ഗന് വാര്‍ഷിക കണക്കെടുപ്പില്‍ ബിവൈഡി ലാഭം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
യൂറോപില്‍ ടെസ്ലയേക്കാള് 66 ഇവികള്‍ കൂടുതല്‍ വില്ക്കാന് ബിവൈഡിക്ക് സാധിച്ചു. വ്യത്യാസം ചെറുതെങ്കിലും മുന്നിലെത്താന്‍ ചൈനീസ് കമ്പനിക്കായത് ചെറിയ കാര്യമല്ല. 2025 ആരംഭിച്ചതിനു ശേഷം യൂറോപില്‍ ടെസ്ലയുടെ വില്പന 39 ശതമാനമാണ് കുറഞ്ഞത്. അതേസമയം യൂറോപ്യന്‍ ഇവി വിപണിയില്‍ ചൈനീസ് കമ്പനികള്‍ക്കു പുറമേ ഫോക്സ്വാഗണ്, ബിഎംഡബ്ല്യു, റെനോ എന്നീ കമ്പനികള്‍ നേട്ടം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ മോഡല്‍ വൈ, മോഡല്‍ എസ് എന്നിവയുടെ വില കുറഞ്ഞ മോഡലുകള്‍ പുറത്തിറക്കാനും ടെസ്ലക്ക് പദ്ധതിയുണ്ട്.