ഗാസ: ഹമാസിന്റെ ഗാസയിലെ തലവനും അന്തരിച്ച നേതാവ് യഹ്‌യ സിൻവാറിന്റെ സഹോദരനുമായ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. മേയ് 14-ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു.
എന്നാല്‍, ഇയാള്‍ മരിച്ചുവോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി കൃത്യമായ വിവരം ലഭിച്ചതായി ഇസ്രയേലി ഡിഫന്‍സ് ഫോര്‍സസ് (ഐഡിഎഫ്) വ്യക്തമാക്കി.
‘ഞങ്ങള്‍ മുഹമ്മദ് സിന്‍വാറിനെ ഇല്ലാതാക്കി. ഇസ്മായില്‍ ഹനിയ്യ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിന്‍വാര്‍… ഇപ്പോള്‍ മുഹമ്മദ് സിന്‍വാര്‍.. ഇവരെയെല്ലാം ഞങ്ങള്‍, ഇസ്രയേല്‍ ഇല്ലാതാക്കിയിരിക്കുന്നു,’ ഇസ്രയേല്‍ നിയമസഭയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഗാസയില്‍ ഹമാസിന്റെ നേതൃനിരയില്‍ ബാക്കിയുണ്ടായിരുന്ന അവസാന നേതാവായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഭൂമിക്കടിയില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക ഇടത്തിലായിരുന്നു മുഹമ്മദ് സിന്‍വാര്‍ ഉണ്ടായിരുന്നത്. ഹമാസ് യുദ്ധം നിയന്ത്രിക്കുന്നതിനായി സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന ഭൂഗര്‍ഭനിലയമായിരുന്നു ഇത്. ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് ഇസ്രയേലി സൈന്യം ഈ സ്ഥലം തകര്‍ത്തത്.
ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ഹോസ്പിറ്റലിന്റെ അടിയിലാണ് തീവ്രവാദികള്‍ ഈ ഭൂഗര്‍ഭനിലയം നിര്‍മിച്ചിരുന്നത്. ആശുപത്രിയുടെ അടിയില്‍നിന്ന് പ്രത്യേകം നിര്‍മിച്ച തുരങ്കപാതയിലൂടെയാണ് ഹമാസിന്റെ ഈ കേന്ദ്രത്തിലേക്ക് എത്താനാവുക. ഇവിടം തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രയേലി സൈന്യം പുറത്തുവിട്ടിട്ടുണ്ട്. തുരങ്കപാതയുടേയും മറ്റും ദൃശ്യങ്ങള്‍ ഇസ്രയേലി സൈന്യം പുറത്തുവിട്ട വീഡിയോയില്‍ കാണാനാവും.