സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഡിജിറ്റല്‍ പേയ്മെന്റ് സേവനം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആദ്യമായിട്ടാണ് എക്സ് അവരുടെ ഒരു ഓണ്‍ലൈന്‍ പേയ്മെന്റ് ഇന്റര്‍ഫേസ് അവതരിപ്പിക്കുന്നത്. ഇനി മുതല്‍ പേയ്മെന്റ്, ബാങ്കിംഗ് ഇടപാടുകള്‍ എക്സ് ആപ്പ് വഴി ലഭ്യമാക്കും.
ആപ്പിന്റെ ചരിത്രത്തിലെ കന്നി ഡിജിറ്റല്‍ പേയ്മെന്റ് സേവനം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എക്സ്. ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയ ശേഷമാകും എക്സ് മണി എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുക. ആളുകളുടെ പണം നഷ്ടപ്പെടരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ അതീവ ശ്രദ്ധയോടെ മാത്രമേ എക്സില്‍ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കൂ എന്ന് മസ്ക് പറഞ്ഞു.
2022 ഒക്ടോബറില്‍ ട്വിറ്ററിനെ ഏറ്റെടുത്ത് എക്സ് എന്ന് പുനര്‍നാമകരണം ചെയ്തത് മുതല്‍ എക്സ് മണിയെ കുറിച്ചുള്ള സൂചനകള്‍ പ്ലാറ്റ്ഫോമിന്റെ സിഇഒ ഇലോണ്‍ മസ്ക് നല്കുന്നുണ്ടായിരുന്നു. എക്സ് മണി സംവിധാനം എക്സ് പ്ലാറ്റ്ഫോമില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് അനായാസം പണമയക്കാനും സ്വീകരിക്കാനും കഴിയും. നിലവില്‍ മെറ്റയുടെ വാട്സ്ആപ്പില്‍ ഇത്തരത്തില്‍ പണമിടപാട് സംവിധാനമുണ്ട്.
എക്സ് മണിയില്‍ ക്രിപ്റ്റോകറന്‍സി പേയ്മെന്റ് സൗകര്യമുണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. ബിറ്റ്കോയിനായിരിക്കും ഈ പണമിടപാട് സംവിധാനത്തിലെ പ്രധാന രീതികളിലൊന്ന് എന്നാണ് കരുതുന്നത്. സുഗമമായ പണമിടപാടുകള്‍ ഉറപ്പാക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ ഭീമന്മാരായ ‘വിസ’യുമായി സഹകരിക്കാന്‍ മസ്കിന്റെ എക്സ് ആലോചിക്കുന്നുണ്ട്.