പാചകയെണ്ണയെ പറ്റി ധാരണകളും തെറ്റിദ്ധാരണകളും ധാരാളമുണ്ട്. ഏത് എണ്ണയാണ് പാചകത്തിന് കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പവുമുണ്ട്. ഓരോ എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. ഓരോ എണ്ണയിലും അടങ്ങിയ പോഷകങ്ങളും വ്യത്യസ്തമായിരിക്കും. ഉപയോഗങ്ങളും ഓരോന്നിനും വ്യത്യസ്തമായിരിക്കും. അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന ചില പാചക എണ്ണകളും അവയുടെ ഗുണങ്ങളും അറിയാം.
വെളിച്ചെണ്ണ കൂടുതലായി പാചകത്തിനുപയോഗിക്കുന്നത് കേരളത്തിലാണ്. കേരളത്തിന് പുറമെ മംഗലാപുരം പോലുള്ള അപൂര്‍വം ചില സ്ഥലങ്ങളിലും വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട. വെളിച്ചെണ്ണ ആരോഗ്യത്തിന് ഗുണമോ ദോഷമോ എന്ന കാര്യത്തെ കുറിച്ച് പലതരം അഭിപ്രായങ്ങളും നിലവിലുണ്ട്. ഇതില്‍ കൊഴുപ്പുണ്ടെങ്കിലും കൊളസ്ട്രോള്‍ ഇല്ല. മറ്റ് എണ്ണകളുടെ കൂടെ ഉപയോഗിച്ചാല്‍ വെളിച്ചെണ്ണയും ദോഷം ചെയ്യില്ല. വെളിച്ചെണ്ണയിൽ ലോറിക് ആസിഡും മീഡിയെ ചെയ്ൻ ട്രൈഗ്ലിസറൈഡുകളും (MCT) ഉണ്ട്. ഊർജമേകുന്നതോടൊപ്പം ആന്റിബാക്ടീരിയൽ ഗുണങ്ങളും വെളിച്ചെണ്ണയ്ക്കുണ്ട്.
നെയ്യിന് മരുന്നുഗുണങ്ങള്‍ ഏറെയുണ്ട്. നെയ്യില്‍ ബ്യൂട്ടിറേറ്റും സിഎൽഎ യും ഉണ്ട്. ബ്യൂട്ടിറേറ്റ് ഒരു ആന്റിഇൻഫ്ലമേറ്ററി സംയുക്തമാണ്. ഇത് ദഹനം മെച്ചപ്പെടുത്തും. സിഎൽഎ ആകട്ടെ കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കും. നെയ്യ്, പറാത്ത, പരിപ്പ്, ചോറ് ഇവയിൽ ഒഴിച്ച് കഴിക്കുന്നതാണ് നല്ലത്.
ഇതിനു പുറമെ കടുകെണ്ണ, ഒലീവ് ഓയില്‍ എന്നിവയും പാചക എണ്ണകള്‍ തന്നെയാണ്. കടുകെണ്ണയുടെ സ്വാദും മണവും പലര്‍ക്കും പിടിച്ചെന്നു വരില്ല. ഇതില്‍ മോണോ സാച്വറേറ്റഡ്, പോളിസാച്വറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കുക. കടുകെണ്ണയ്ക്ക് പ്രത്യേക രുചി നൽകുന്നത് അതിൽ അടങ്ങിയ അലൈൽ ഐസോതയോസൈനേറ്റ് ആണ്. സ്മോക്ക് പോയിന്റ് കൂടിയ എണ്ണ ആയതിനാൽ ഉയർന്ന താപനിലയിൽ പാചകം ചെയ്യാൻ ഈ എണ്ണയാണ് മികച്ചത്.
ഒലീവ് ഓയില്‍ എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിന് ചേര്‍ന്ന എണ്ണയാണെന്നു പറയാം. ഇത് ചീത്ത കൊളസ്ട്രോള്‍ മാത്രമാണ് കുറയ്ക്കുന്നത്. നല്ല കൊളസ്ട്രോളിനെ അതേ പടി നിലനിര്‍ത്താന്‍ ഇതിന് സാധിക്കും. ഒലിവ് ഓയിലിൽ ധാരാളം പോളിഫിനോളുകൾ ഉണ്ട്. ഇവ ശക്തിയേറിയ ആന്റിഓക്സിഡന്റുകളാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഉയർന്ന താപനിലയിൽ പാചകം ചെയ്യാൻ ഒലിവ് ഓയില്‍ ഉപയോഗിക്കരുത്. സാലഡ് ഡ്രെസിങ്ങിനായി ഒലിവ് ഓയിൽ ഉപയോഗിക്കാം.
സീഡ് ഓയിലുകളിൽ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡുകൾ ഉണ്ട്. ഇവ ആരോഗ്യകരമാണെന്നു മാത്രമല്ല ദിവസവും പാചകത്തിനായി ഉപയോഗിക്കുകയും ചെയ്യാം.
മുപ്പതു ദിവസം കൂടുമ്പോൾ പാചക എണ്ണകൾ മാറ്റാവുന്നതാണ്. ഓരോ എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. ശരീരത്തിനാവട്ടെ വ്യത്യസ്തതരം പോഷകങ്ങളും ആവശ്യമാണ്. ദിവസം ഒരു ടേബിൾ സ്പൂൺ എണ്ണയിലധികം ഉപയോഗിക്കരുത്.