Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥി ആര്? നാളെ പ്രഖ്യാപിക്കും

നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിെലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുന്നു. ഉച്ചയ്ക്ക് ശേഷം 3.30ന് എല്‍ഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ വലിയ രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എൽഡിഎഫിന്റെ ബൂത്ത് തലം മുതലുള്ള യോഗങ്ങൾ മണ്ഡലത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജിന്റെയും നേതൃത്വത്തിലാണ് യോഗങ്ങൾ നടക്കുന്നത്. എൽഡിഎഫ് നിലമ്പൂർ നിയോജകമണ്ഡലം കൺവെൻഷൻ ജൂൺ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒമ്പതുവർഷത്തിനിടയിൽ മണ്ഡലത്തിൽ കൊണ്ടുവന്ന വികസനം മുൻനിർത്തിയാണ്‌ എൽഡിഎഫിന്റെ പ്രചാരണം.