ഇന്ന് രുചി അന്വേഷിച്ച് നമ്മൾ എത്തിയിട്ടുള്ളത് മുഴപ്പിലങ്ങാട് ആണ് കേട്ടോ, ഡ്രൈവ്-ഇൻ ബീച്ചിന്റെ ആദ്യ ഘട്ട ഉദ്ഘാടനത്തിന് ശേഷമാണ് നമ്മൾ ഇവിടെ എത്തിയിട്ടുള്ളത്. ഇവിടെ എത്തിയാൽ പിന്നെ ഉപ്പിലിട്ടതിന്റെ ഒരു ഉത്സവം തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവ്-ഇൻ ബീച്ചാണിത്.
കടൽത്തീരത്തിലൂടെ ഒരു ചെറിയ ഡ്രൈവ് ആസ്വദിച്ച് നമ്മൾ പതിയെ ലക്ഷ്മി കൃഷ്ണ ടീ സ്റ്റാളിൽ എത്തി. മുഴപ്പിലങ്ങാട്ടുള്ള ഒരു ജനപ്രിയ പ്രാദേശിക സ്ഥലമാണ് ലക്ഷ്മി കൃഷ്ണ ടീ സ്റ്റാൾ. ഇവിടത്തെ സ്പെഷ്യൽ നല്ല മൊരിഞ്ഞ പറോട്ടയും നല്ല എരിവുള്ള ബീഫും തന്നെയാണ്. കൂടാതെ നല്ല കിടിലൻ ചായയും നൊസ്റ്റാൾജിയ നിറഞ്ഞ കേരള ലഘുഭക്ഷണങ്ങളും ഇവിടെയുണ്ട്.
രാവിലെ 9 മണി മുതൽ കട തുടങ്ങും. പുട്ട്, വെജിറ്റബിൾ കറി, മുട്ട കറി, മുട്ട റോസ്റ്റ്, ചിക്കൻ, ബീഫ് ഇവയെല്ലാമാണ് സ്പെഷ്യൽ. നല്ല വീശിയടിച്ച പൊറോട്ടയും നല്ല എരിവുള്ള ബീഫ് കറിയും കൂട്ടി ഒരു പിടി പിടിക്കാം. നന്നായി വെന്ത ബീഫിന്റെ കഷ്ണങ്ങൾ ആണ് കറിയിൽ ഉള്ളത്. വിളമ്പാൻ ഒരാൾ മാത്രം ആയതുകൊണ്ട് തന്നെ ഒരല്പം നേരം കാത്തിരിക്കേണ്ടി വരും. ഇതിന്റെ കൂടെ ചായ വേണമെങ്കിൽ ചായയും ഉണ്ട്.
കുറെ നേരം അടുപ്പിൽ ഇരുന്ന് നന്നായി വെന്ത ബീഫ് ആണ്. നല്ല കിടിലൻ സ്വാദ് തന്നെയാണ്. പൊറോട്ടയും ബീഫും ഇഷ്ടപ്പെടുന്നവർ ആണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇവിടെ സന്ദർശിക്കേണ്ടതാണ്.
വിലാസം: ലക്ഷ്മി കൃഷ്ണ ടീ ഷോപ്പ്, മുഴപ്പിലങ്ങാട് ബീച്ച് റോഡ്, മുഴപ്പിലങ്ങാട്, കേരളം 670662