Entertainment

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയെന്ന പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ് കാര്‍ത്തിക് സൂര്യ. വ്‌ളോഗര്‍ ആയിട്ടാണ് ആദ്യം കാര്‍ത്തിക് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കാര്‍ത്തിക് തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഏറ്റവും പുതിയ വ്‌ളോഗ് പങ്ക് വെച്ചിരിക്കുന്നത്. വിവാഹത്തിനു മുന്‍പായി വീട് പുതുക്കിപ്പണിതതിന്റെ വിശേഷങ്ങളാണ് കാര്‍ത്തിക് സൂര്യ പുതിയ വ്‌ളോഗില്‍ സംസാരിക്കുന്നത്. കുട്ടിക്കാലത്തെ ചില ഓര്‍മകളും കാര്‍ത്തിക്കിന്റെ അച്ഛന്‍ വ്‌ളോഗില്‍ പങ്കുവെച്ചു. കുട്ടികള്‍ക്ക് സെക്‌സ് എജുക്കേഷന്‍ നല്‍കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്.

കാര്‍ത്തിക് സൂര്യ പറഞ്ഞത്….

‘പണ്ട് ആ പ്രായത്തില്‍ പലരും ചെയ്യുന്നത് പോലെ മുറിയടച്ചിരിയ്ക്കുന്ന സ്വഭാവം എനിക്കും ഉണ്ടായിരുന്നു. എന്റെ മുറിയിലിരുന്ന് കമ്പ്യൂട്ടറില്‍ ആ പ്രായത്തില്‍ കാണാന്‍ ആകാംക്ഷയുള്ള കാര്യം കണ്ടു കൊണ്ടിരിക്കുമ്പോള്‍, ജനാലയുടെ ഓട്ടയിലൂടെ അച്ചാച്ചന്‍ അത് കാണുന്നുണ്ടായിരുന്നു. അത് ഞാന്‍ മനസിലാക്കിയപ്പോള്‍ ആദ്യം അവിടെ ഒരു കര്‍ട്ടനിട്ടു. പിന്നെ ഒരു സ്‌ളേറ്റ് വാങ്ങി ഓട്ടയടച്ചു. അച്ചാച്ചന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അതിനു ശേഷം എന്നെ പൊക്കുന്നത് അച്ഛനാണ്. ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം ആയിരുന്നു. അന്നത്തെ കൗതുകത്തിന് മാസ്റ്റര്‍ബേഷനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തു. പക്ഷേ സേര്‍ച്ച് ഹിസ്റ്ററിയെക്കുറിച്ചും അത് ഡിലീറ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. അച്ഛന്‍ അത് കണ്ടുപിടിച്ചു. അന്ന് ഞാന്‍ ശരിക്കും വിയര്‍ത്തു”.

കാര്‍ത്തിക്കിന്റെ അച്ഛന്റെ പ്രതികരണം…

”എന്നാല്‍ ഇതൊന്നും തെറ്റായ കാര്യങ്ങളല്ല. ആ പ്രായത്തില്‍ സ്വാഭാവികമായും ഉണ്ടാകുന്നതാണ്. അന്ന് കാര്‍ത്തിക്കിനെ വിളിച്ച് ഒരു സെക്‌സ് എഡ്യുക്കേഷന്‍ ക്ലാസ് തന്നെ നല്‍കി തെറ്റിദ്ധാരണകള്‍ മാറ്റിക്കൊടുത്തു”.

ഇന്നത്തെ കാലഘട്ടത്തില്‍ പല മാതാപിതാക്കളും മക്കളോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ മടിക്കുന്ന സാഹചര്യത്തില്‍, ആ പ്രായത്തില്‍ അച്ഛന്‍ തനിക്കിതെല്ലാം പറഞ്ഞു തന്നതില്‍ അഭിമാനം ഉണ്ടെന്നായിരുന്നു കാര്‍ത്തിക് സൂര്യയുടെ പ്രതികരണം.