News

‘കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കി’; കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി

കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വിവരം കിട്ടിയ ഉടന്‍ മുന്നറിയിപ്പ് കൊടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുങ്ങിയ കപ്പലിന്റെ സ്ഥാനം കണ്ടെത്താന്‍ ഉള്ള സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഊഹാപോഹം പ്രചരിക്കുന്നുവെന്നും അതില്‍ ആരും വീണ് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പല്‍ അടിത്തട്ടില്‍ മുങ്ങിയത് കൊണ്ട് പ്രശ്‌നമില്ല. കാല്‍ത്സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നര്‍ അടിത്തട്ടിലേയ്ക്ക് മുങ്ങിയിരിക്കാം. അതിനാല്‍ അപകടമില്ല. കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നര്‍ ആയിരുന്നു. ഇതില്‍ 73 എണ്ണം കാലിയായിരുന്നു. 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉണ്ടായിരുന്നു. 100 കണ്ടെയ്‌നറുകള്‍ കടലില്‍ വീണ് കാണുമെന്നും അതില്‍ 54 കണ്ടെയ്‌നര്‍ തീരത്ത് അടിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തടി, പഴങ്ങള്‍, തുണി, റബ്ബര്‍ കോംപൌണ്ട് എന്നിവയും കണ്ടെയ്‌നറില്‍ ഉണ്ട്. ചെറിയ പ്ലാസ്റ്റിക് തരികള്‍ തീരത്ത് അടിഞ്ഞ് കൂടിയിട്ടുണ്ടെന്നും അത് വൃത്തിയാക്കി തുടങ്ങിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കപ്പല്‍ കേരള തീരത്ത് നിന്ന് മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീരപ്രദേശത്തെ പ്രയാസം ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേരള തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസിന് കൈമാറും. നിലവില്‍ 20 കണ്ടെയ്‌നറുകള്‍ കൈമാറിയെന്നും ബാക്കിയുള്ളവ കൊല്ലത്ത് കൊണ്ടുപോയി കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 3ന് ഇന്ധനം പുറത്തെടുക്കുമെന്നും കാലവര്‍ഷത്തിന് ശേഷമാകും കപ്പല്‍ നീക്കം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ മാറി താമസിക്കണം. ബന്ധു വീട്ടിലേയ്ക്ക് അല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം. പഞ്ചായത്ത് തലത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 59 ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് താത്കാലിക ആശ്വാസം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ കുടുംബത്തിനും 1000 രൂപ കൊടുക്കും. ആറ് കിലോ സൗജന്യ റേഷന്‍ കൊടുക്കും. 20 നോട്ടിക്കല്‍ മൈല്‍ പ്രദേശം ഒഴിവാക്കി മീന്‍ പിടിക്കാന്‍ പോകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വെള്ളക്കെട്ട്, കുളങ്ങള്‍, കിണര്‍ എന്നിവയ്ക്ക് സുരക്ഷാ ഭിത്തി വേണം. സ്‌കൂളില്‍ പാമ്പ് ശല്യം ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Latest News