മയ്യഴി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വിലകൂട്ടി. മദ്യത്തിന് 10 മുതൽ 20 വരെ ശതമാനമാണ് വർധന. എന്നാൽ പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്നവർക്ക് പിഴ ലഭിക്കും. വില വർധിച്ചത് എക്സൈസ് തീരുവ കൂട്ടിയതോടെയാണ്.
50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. വലിയ തോതിലുള്ള വിലവർധന മദ്യവില്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് 20 ശതമാനത്തോളമാക്കി കുറച്ചത്.
പുതിയ വില 28 മുതലുള്ള മദ്യത്തിനുമാത്രം
മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്സ്മെന്റ്) അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്ന മദ്യശാലകൾക്ക് 2011-ലെ പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്സ്മെന്റ് ) കൺട്രോളർ റൂൾസ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികൾ 04132 262090 എന്ന നമ്പറിൽ അറിയിക്കണം.