കനത്ത മഴ തുടരുകയാണ്. മഴക്കാലമായാൽ രോഗങ്ങൾ പടരുന്നതും സാധാരണമാണ്. . അതുകൊണ്ട് തന്നെ ഇനിയങ്ങോട്ടുള്ള നാളുകൾ കരുതലിന്റേത് കൂടിയാണ്. മഴക്കാല രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ വേണ്ടതുണ്ട്. ജലദോഷം, തുമ്മൽ, ചുമ, ജലജന്യ രോഗങ്ങൾ, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ശരീരം ആരോഗ്യത്തോടെ നിലനിർത്താനും ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ചാറിയതോ ഫിൽറ്റർ ചെയ്തതോ ആയ വെള്ളം കുടിക്കുന്നത് ജലജന്യ രോഗങ്ങൾ തടയാൻ സഹായിക്കും. ശുദ്ധീകരിക്കാത്ത വെള്ളത്തിലൂടെ പടരുന്ന ടൈഫോയ്ഡ്, കോളറ, ഛർദി, വയറിളക്കം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ ഇത് ഗുണം ചെയ്യും.
കൈകൾ വൃത്തിയാക്കുക
മഴക്കാലത്ത് ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഈർപ്പമുള്ള കാലാവസ്ഥയിൽ ബാക്ടീരിയയുടെയും അണുക്കളുടെയും സാന്നീധ്യം വർധിക്കും. പ്രതലങ്ങളുമായി സമ്പർക്കം ഉണ്ടാകുമ്പോൾ അണുക്കൾ ശരീരരത്തിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വീട്ടിൽ നിന്നോ പുറത്ത് നിന്നോ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ കഴുകി വൃത്തിയാക്കുക. അണുബാധ, രോഗങ്ങൾ തുടങ്ങിയവയിൽ നിന്നും സ്വയം പരിരക്ഷിക്കാൻ ഇത് സഹായിക്കും.
പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കാം
മൺസൂൺ കാലത്ത് ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയുടെ അമിതമായ ഉപയോഗം ദഹനക്കേട്, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ വീട്ടിൽ തന്നെ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവ ഉറപ്പാക്കാനും ഇത് സഹായിക്കും.
പച്ചക്കറികളും പഴങ്ങളും ശ്രദ്ധാപൂർവ്വം കഴുകുക
മഴക്കാലത്ത് പച്ചക്കറികളും പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ഇവ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. അതിനായി വെജിറ്റബിൾ വാഷിംഗ് ലിക്വിഡ് പോലുള്ളവ ഉപയോഗിക്കാം. അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ ഇത് സഹായിക്കും.
മഴ നനയുന്നത് ഒഴിവാക്കാം
മഴ നനയുന്നത് പകർച്ചവ്യാധികൾക്കുള്ള സാധ്യത വർധിപ്പിക്കും. മഴ നനയ്ക്കുമ്പോൾ വസ്ത്രങ്ങൾ, ഷൂ എന്നിവയെല്ലാം നാനയാൻ ഇടയാക്കും. സൂര്യപ്രകാശത്തിന്റെ അഭാവം മൂലം ഇവ ഉണങ്ങാൻ കൂടുതൽ സമയം ആവശ്യമാണ്. ഇത് രോഗാണുക്കൾ പെരുകാൻ കാരണമാകുകയും അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ കഴിയുന്നത്ര മഴ നനയാതിരിക്കാൻ ശ്രദ്ധിക്കുക.
വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്
ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുളുടെ ആവാസ കേന്ദ്രമാണ് കെട്ടിക്കിടക്കുന്ന വെള്ളം. അതിനാൽ വീടിനോട് ചേർന്നും പരിസരപ്രദേശത്തും വെള്ളം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. മഴക്കാല രോഗങ്ങൾ തടയാൻ ഇതുവഴി സാധിക്കും.
വ്യക്തിശുചിത്വം പാലിക്കുക
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യം നിലനിർത്താനും ശരിയായ വ്യക്തി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരം കൈകൾ കഴുകി വൃത്തിയാക്കുക. അല്ലെങ്കിൽ 60 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിട്ടൈസർ ഉപയോഗിക്കാം. വൃത്തിഹീനമായ കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക. പതിവായി ഉപയോഗിക്കുന്ന വസ്തുക്കളും പ്രതലങ്ങളും അണുവിമുക്തമാക്കുക.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുക
മഴക്കാലത്ത് വൈറൽ രോഗങ്ങളും മറ്റ് പകർച്ച വ്യാധികളും പിടിപ്പിടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത്തരം അവസ്ഥകളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഡയറ്റിൽ പതിവായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.