മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. രാവിലെ തൃശൂര്‍ പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചത്. ആര് എതിർത്താലും നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്റെ പിതാവ് നേടിയ ഭൂരിപക്ഷം മറികടക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വളരെ അടുപ്പം സൂക്ഷിക്കുന്നയാളാണ്. അൻവറിന്റെ കാര്യം പറയേണ്ടത് കോൺഗ്രസിലെ മുതിർന്ന നേതാക്കളാണെന്നും ആര്യാടൻ ഷൗക്കത്ത് പറയുന്നു. മുതിർന്ന നേതാക്കളാണ് ചർച്ച നയിക്കുന്നത്. സ്ഥാനാർത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാർട്ടി ചിഹ്നത്തിൽ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നിലമ്പൂരിൽ സ്ഥാനാർത്ഥി ഉണ്ടായതെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.