ചിക്കൻ ഫ്രൈ ഇനി ഇതുപോലെ തയ്യാറാക്കിക്കോളൂ.. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 600ഗ്രാം
- വിനാഗിരി -1 ടേബിൾ സ്പൂൺ
- ഉപ്പ് പാകത്തിന്
- ഇഞ്ചി അരച്ചത് -1 ടേബിൾസ്പൂൺ
- വെളുത്തുള്ളി അരച്ചത് -1 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
- കാശ്മീരി മുളക് പൊടി-3 ടീസ്പൂൺ
- ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
- അരിപ്പൊടി -11/2 ടേബിൾ സ്പൂൺ
- നാരങ്ങാ നീര് -1 ടേബിൾ സ്പൂൺ
- കറിവേപ്പില
- എണ്ണ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
ചിക്കൻ ഇടത്തരം വലുപ്പത്തിൽ കഷണങ്ങളാക്കി കഴുകി വെള്ളം നന്നായി വാർത്തെടുക്കണം.ശേഷം ചിക്കനിലേക്ക് 1 ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് ഒരു പത്തു മിനുട്ട് അടച്ച് വയ്ക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചതും ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും ഗരം മസാലപ്പൊടിയും അരിപ്പൊടിയും നാരങ്ങാ നീരും ചേർത്തു നന്നായി കുഴച്ചെടുത്തു ഒരു മണിക്കൂർ മാറ്റി വയ്ക്കണം. ഒരു മണിക്കൂറിനു ശേഷം നല്ല ചൂടായ എണ്ണയിലേക്ക് ചിക്കൻ ഓരോ പീസായി ഇട്ട് മൊരിയുന്നത് വരെ ഇളക്കാതെ പൊരിക്കുക. ഒരു സൈഡ് റെഡിയായി വന്നതിന് ശേഷം മറിച്ചിട്ട് കുറച്ചു കറിവേപ്പില കൂടി ചേർത്തു പൊരിച്ചു മറ്റേ സൈഡും റെഡിയായി വന്നാൽ കോരിയെടുക്കാം.