Tech

UPI നിയമങ്ങളില്‍ വരുന്ന മാറ്റങ്ങൾ അറിയാം..

ദിവസേനയുള്ള ബാലന്‍സ് പരിശോധനകള്‍, ലിങ്ക് ചെയ്ത അക്കൗണ്ട് അന്വേഷണങ്ങള്‍ തുടങ്ങി പുതിയ പരിധികള്‍ നിശ്ചയിച്ച് എന്‍പിസിഐ. ശക്തവും കാര്യക്ഷമവുമായ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ലക്ഷ്യം.

യുപിഐയും പിന്നണിക്കാരായ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) എല്ലാ ബാങ്കുകള്‍ക്കും, പേയ്മെന്റ് ആപ്പുകള്‍ക്കുമായി പുതിയ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) ഉപയോഗ നിയമങ്ങള്‍ പുറത്തിറക്കും. സിസ്റ്റത്തെ കൂടുതല്‍ സുരക്ഷിതവും, കാര്യക്ഷമവും ആക്കുകയാണ് ലക്ഷ്യം. അതേസമയം ഇതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങളും ഉണ്ട്. ഇവ ഉപയോക്താക്കള്‍ അറിയേണ്ടതുണ്ട്.

 

യുപിഐ- പ്രധാന മാറ്റങ്ങള്‍

യുപിഐ ഉപയോക്താക്കള്‍ക്ക് ഓരോ യുപിഐയിലും ഒരു ദിവസം 50 തവണ മാത്രമേ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ. അതായത് രണ്ട് ആപ്പുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍, ഓരോന്നിലും 50 ബാലന്‍സ് പരിശോധനകള്‍ സാധ്യമാകും.
ഇടപാട് വിജയകരമായിരുന്നോ എന്ന് പരിശോധിക്കാന്‍ പേയ്മെന്റ് സേവന ദാതാക്കളെ (പിഎസ്പി) എപിഐകള്‍ അനുവദിക്കും. അതേസമയം ഒരു നിശ്ചിത സമയ കാലതാമസത്തിന് ശേഷം മാത്രമേ പിഎസ്പികള്‍ക്ക് ഇടപാട് നില പരിശോധിക്കാന്‍ കഴിയൂ.
ഏതൊക്കെ ബാങ്ക് അക്കൗണ്ടുകളാണ് ആപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയും. എന്നാല്‍ ഇനിമുതല്‍ ദിവസത്തില്‍ പരമാവധി 25 തവണ മാത്രമേ ഇതു പരിശോധിക്കാന്‍ കഴിയൂ. ഉപയോക്താവ് അവരുടെ ബാങ്ക് തെരഞ്ഞെടുത്ത് സമ്മതം നല്‍കിയാല്‍ മാത്രമേ ഈ അഭ്യര്‍ത്ഥന സാധ്യമാകൂ.
പേടിഎം, ഫോണ്‍പേ, ഗൂഗിള്‍പേ, ആമസോണ്‍ പേ, ക്രെഡ് പോലെ എല്ലാ പേയ്മെന്റ് സേവന ദാതാക്കളും (പിഎസ്പി), എല്ലാ ബാങ്കുകളും അവരുടെ എപിഐ ഉപയോഗം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എന്‍പിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പിഴ, ഉപയോഗ നിയന്ത്രണങ്ങള്‍, പുതിയ ഉപയോക്താക്കളെ ഓണ്‍ബോര്‍ഡിംഗ് ചെയ്യലില്‍ വിലക്ക് എന്നിവ നേരിടേണ്ടി വരാം.
എല്ലാ പിഎസ്പികളും 2025 ഓഗസ്റ്റ് 31-നകം ഒരു സിസ്റ്റം ഓഡിറ്റ് അണ്ടര്‍ടേക്കിംഗ് സമര്‍പ്പിക്കണം.