തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരയിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം. മൂഴിയാർ, ലോവർ പെരിയാർ, കല്ലാർകുട്ടി, പൊന്മുടി എന്നിവിടങ്ങളിലെ ജലനിരപ്പ് അപകടനിലയിലായതിനാൽ റെഡ് അലർട്ട് ആണ്.