Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3. 30ന് കോടതിപടിയിലാണ് പരിപാടി. സർക്കാരിനെതിരെ യുഡിഎഫ് രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഇടതുപ്രചാരണം നയിക്കാൻ മുഖ്യമന്ത്രിയെത്തുന്നത്. എൽഡിഎഫിന്റെ സംസ്ഥാന നേതാക്കളും മന്ത്രിമാരും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് ഇന്ന് നടത്തുക. തിങ്കളാഴ്ചയാണ് എം. സ്വരാജ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.

അതിനിടെ, നിലമ്പൂരിലെ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യാൻ ബിഡിജെഎസിന്റെ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് കോട്ടയത്ത് ചേരും. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് പാലായിലാണ് യോഗം. മുഴുവൻ ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും.