ഗസ്സസിറ്റി: യുഎസ് ഏറ്റവും പുതിയതായി മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് ഹമാസിന്റെ അംഗീകാരം. യുഎസ് നൽകുന്ന ഉറപ്പുകൾ, ബന്ദി മോചനത്തിന്റെ സമയം തുടങ്ങിയ കാര്യങ്ങളിൽ ഏതാനും മാറ്റങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശത്തിൽ യുദ്ധവിരാമവും സൈനിക പിൻമാറ്റവും സംബന്ധിച്ച വ്യക്തമായ ഭേദഗതി വേണമെന്ന് ഹമാസ് വ്യക്തമാക്കി. നിർദിഷ്ട കരാറില്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ലെന്ന് ഹമാസ് അംഗം ബാസിം നയിം അല്‍ജസീറയോട് പറഞ്ഞു.
”യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ അവതരിപ്പിച്ച നിര്‍ദേശത്തോട് ഹമാസ് പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. എന്നാല്‍ ഇസ്രായേലിനടുത്ത് പോയ സംഘം, ഭേദഗതികള്‍ വരുത്തി. അതാണിപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ വച്ചത്. ഇതിലെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ല”- ബാസിം നയിം വ്യക്തമാക്കി.