ബംഗാളിൽ കാട്ടാന ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച ആലിപ്പുർദ്വാറിലാണ് സംഭവം നടന്നത്. മനോജ് ദാസ് (35), മകൾ മനീഷ, അമ്മ മഖൻ റാണി (68) എന്നിവരാണ് കാട്ടാനായാക്രമണത്തിൽ മരിച്ചത്.
ഇരുപതോളം ആനകൾ കാടിറങ്ങി കുഞ്ജാനഗർ എന്ന ഗ്രാമത്തിലെത്തുകയായിരുന്നു. ഇതിലൊരു കൊമ്പനാനയാണ് മനോജിനെ ആക്രമിച്ചത്.
മനോജിന്റെ നിലവിളി കേട്ട് കുഞ്ഞിനെയുമെടുത്തെത്തിയ മഖൻ റാണിയെയും കുഞ്ഞിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു.
മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.