പി വി അൻവറുമായുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ചയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ അന്‍വറിനെ കാണാന്‍ പോയത് തെറ്റാണ്, രാഹുല്‍ പോകാൻ പാടില്ലായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കില്ല. രാഹുൽ അനിയനെ പോലെയാണ്. അതുകൊണ്ട് വ്യക്തിപരമായി നേരിട്ട് ശാസിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
യുഡിഎഫ് നേതൃത്വം ഒരു തീരുമാനമെടുത്ത് ചര്‍ച്ചയുടെ വാതിലടച്ചപ്പോള്‍, രാഹുല്‍ പോയത് തെറ്റാണ്. ചർച്ച നടത്താൻ ഒരു ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? ഒരു കോൺഗ്രസ് നേതാവും അൻവറുമായി ചർച്ച നടത്താൻ പാടില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. സർക്കാരിന്റെ ഒന്‍പത് വർഷത്തെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അൻവറുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. പിണറായിസത്തിനെതിരായ പോരാട്ടത്തിന്റെ ട്രാക്ക് മാറരുതെന്നാണ് പി വി അൻവറിനോട് അഭ്യർഥിച്ചത് എന്നാണ് വിശദീകരണം.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അൻവറിന്റെ ഒതായിയിലെ വീട്ടിൽ എത്തി, രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ഒരുമണിക്കൂറിലധികം ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടു. അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരിക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ച.
















