ജാപ്പനീസ് വാഹന ഭീമനായ സുസുക്കിയുടെ പുതിയ ഇ-ആക്സസ് ഇലക്ട്രിക് സ്കൂട്ടർ കമ്പനി ജൂണിൽ പുറത്തിറങ്ങാൻ സാധ്യത. ഇന്ന് പല പ്രമുഖ നിർമ്മാതാക്കളും ഇന്ത്യയിൽ പുത്തൻ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കുന്നതിന്റെ ഇടയിലാണ് സുസുക്കിയുടെ ഇ-ആക്സസ് ഇലക്ട്രിക് സ്കൂട്ടറിന്റെ കടന്നുവരവ്.
ഭാരത് മൊബിലിറ്റി എക്സ്പോ 2025 -ൽ സുസുക്കി ഇന്ത്യയിലെ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറായ ഇ-ആക്സസ് അനാച്ഛാദനം ചെയ്തിരുന്നു. വെളിപ്പെടുത്തലിനു ശേഷം സ്കൂട്ടർ വിപണിയിൽ എത്തിക്കാൻ ജാപ്പനീസ് നിർമ്മാതാക്കൾ കുറച്ച് സമയമെടുത്തു. എന്നാൽ, ജൂണിൽ വാഹനത്തിന്റെ വില സുസുക്കി വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം.
ഇ-ആക്സസ് ഒരു വേറിട്ട ഡിസൈൻ ശൈലിയുമായിട്ടാണ് എത്തുന്നത്, സ്കൂട്ടറിന് റാക്ക്ഡ് ഫ്രണ്ട് ഏപ്രൺ, ശ്രദ്ധേയമായ ക്രീസ് ലൈനുകൾ, ഭംഗിയായി രൂപകൽപ്പന ചെയ്ത ഹെഡ്ലൈറ്റ് കൗൾ എന്നിവ ലഭിക്കുന്നു. വശങ്ങളിലേക്ക് നീങ്ങുമ്പോൾ സൈഡ് പാനലുകൾ മിക്കവാറും പരന്നതാണ്, അതോടൊപ്പം ടെയിൽ സെക്ഷനിൽ ടേൺ ഇൻഡിക്കേറ്ററുകൾക്ക് വിചിത്രമായ ഒരു സ്ഥാനം ലഭിക്കുന്നു.
ഇ-ആക്സസിന് 3.07 kWH LFP ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്, ഇത് സിംഗിൾ ചാർജിൽ 95 കിലോമീറ്റർ IDC റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുന്ന സമയത്തെ സംബന്ധിച്ചിടത്തോളം, പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ 4 മണിക്കൂറും 30 മിനിറ്റുമാണ് എടുക്കുക.
സ്കൂട്ടറിൽ സ്വിംആം-മൗണ്ടഡ് 4.1 kW മോട്ടോറാണ് വരുന്നത്, ഇതിന് സ്കൂട്ടറിനെ 71 കിലോമീറ്റർ വേഗതയിൽ അനായാസം എത്തിക്കാനാവും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, സുസുക്കി ഇ-ആക്സസ് ടിവിഎസ് ഐക്യൂബ്, ഹോണ്ട ആക്ടിവ ഇ:, ഏഥർ റിസ്റ്റ എന്നിവയ്ക്ക് എതിരെ മത്സരിക്കും.
















