ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് സാമ്പത്തിക നയങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. പിഎഫ് പണം സുഗമമായി പിൻവലിക്കല്‍, ആധാറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യല്‍, ആദായ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാലാവധി, ക്രെഡിറ്റ് കാര്‍ഡ് നയത്തിലെ മാറ്റങ്ങള്‍ എന്നിവയാണ് പ്രാബല്യത്തില്‍ വന്നത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ്റെ (ഇപിഎഫ്ഒ) പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഇപിഎഫ്ഒ 3.0 നിലവില്‍ വന്നു. ഇതോടെ ഉപഭോക്താക്കൾക്ക് എടിഎം, യുപിഐ എന്നിവ വഴി പിഎഫ് പണം പിൻവലിക്കാൻ സാധിക്കും. ക്ലെയിം സെറ്റിൽമെൻ്റ് 3 ദിവസത്തിനുള്ളിൽ പൂർത്തിയാകും. നേരത്തെ ഒരാഴ്ചയോളം ഇതിന് ആവശ്യമായി വന്നിരുന്നു.
എളുപ്പത്തില്‍ പിഎഫ് ബാലൻസ് പരിശോധിക്കാനും മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫര്‍ ചെയ്യാനും ഈ പ്ലാറ്റ്ഫോമിലൂടെ ഇനി സാധിക്കും. ഉപയോക്താക്കളുടെ പരാതി അതിവേഗത്തില്‍ പരിഹരിക്കാനുള്ള സൗകര്യവും പുതിയ പ്ലാറ്റ്ഫോം ഒരുക്കുന്നു. അടൽ പെൻഷൻ യോജന, പിഎം ജീവൻ ബീമ യോജന, ശ്രമിക് ജൻ ധൻ യോജന തുടങ്ങിയ കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളും ഇൻഷൂറൻസുകളും ഇപിഎഫ്ഒ 3.0 ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ബന്ധിപ്പിക്കാനുള്ള സൗകര്യം ഒരുക്കും.
ആദായനികുതി ടിഡിഎസ് സമര്‍പ്പിക്കാനുള്ള അവസാന തീയതി
ഫോം 16 പ്രകാരം നികുതി (TDS) സർട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂൺ 15 ആണ്. ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് തൊഴിലുടമകൾ നൽകുന്ന സർട്ടിഫിക്കറ്റാണിത്. ഫോം 16 പ്രകാരം അവരുടെ ശമ്പളത്തിൽ നിന്ന് നികുതി ഈടാക്കുന്നുണ്ടെന്ന് തെളിയിക്കുന്ന രേഖയാണ്.
ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യൽ
2025 ജൂൺ 14 ആണ് myAadhaar പോർട്ടലിൽ ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി. ഈ തീയതിക്ക് ശേഷം, എല്ലാ ഓൺലൈൻ അപ്ഡേറ്റുകൾക്കും 25 രൂപയും അക്ഷയ കേന്ദ്രങ്ങളിലെ അപ്ഡേറ്റുകൾക്ക് 50 രൂപയും ഫീസ് ഈടാക്കും.
ക്രെഡിറ്റ് കാർഡിലെ മാറ്റങ്ങൾ
ചില ബാങ്കുകൾ 2025 ജൂൺ മുതൽ ക്രെഡിറ്റ് കാർഡ് ഫീസും നിയമ മാറ്റങ്ങളും ഏർപ്പെടുത്തും.
എച്ച്ഡിഎഫ്സി ബാങ്ക്
ടാറ്റ ന്യൂ ഇൻഫിനിറ്റി, ടാറ്റ ന്യൂ പ്ലസ് ക്രെഡിറ്റ് കാർഡ് ഉടമകൾക്കുള്ള ലോഞ്ച് ആക്സസ് നയം 2025 ജൂൺ 10 മുതൽ എച്ച്ഡിഎഫ്സി ബാങ്ക് പരിഷ്കരിക്കും. പുതുക്കിയ നയം അനുസരിച്ച് നേരിട്ടുള്ള കാർഡ് സ്വൈപ്പുകൾക്ക് പകരം ത്രൈമാസ ചെലവിനെ അടിസ്ഥാനമാക്കിയുള്ള വൗച്ചറുകൾ വഴിയാണ് ലോഞ്ച് ആക്സസ് അനുവദിക്കുക.
ആക്സിസ് ബാങ്ക്
2025 ജൂൺ 20 മുതൽ, ആക്സിസ് ബാങ്ക് അതിന്റെ റിവാർഡ്സ് ക്രെഡിറ്റ് കാർഡിൽ ഘട്ടം ഘട്ടമായുള്ള ക്രമീകരണങ്ങൾ അവതരിപ്പിക്കും. ചില കാർഡുകൾക്കുള്ള റിവാർഡ് പോയിൻ്റുകൾ, ക്യാഷ്ബാക്ക്, ലോഞ്ച് ആക്സസ്, ചെലവ് എന്നിവയിലെ മാറ്റങ്ങൾ ഈ ക്രമീകരണങ്ങളിൽ ഉൾപ്പെടുന്നു.