തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു വൈകീട്ട് അഞ്ചുമണിക്കാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മൂന്നിന് രാവിലെ പത്ത് മണി മുതല്‍ ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തേടാം.
ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റുംപ്രസിദ്ധീകരിക്കും. https: // hscap. kerala.gov. in എന്ന വെബ്സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ അലോട്ട്മെന്റ് വിവരങ്ങൾ അറിയാനാകും. പ്രവേശന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിൽനിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററും അസൽ സർട്ടിഫിക്കറ്റുമായാണ് പ്രവേശനം നേടേണ്ടത്.
രണ്ടാമത്തെ അലോട്ട്മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂണ്‍ 16 നുമാണ് പ്രസിദ്ധീകരിക്കുക. മുഖ്യഘട്ട അലോട്ട്മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.