കൊല്ലം ചവറയിൽ അപ്പൂപ്പന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന വിദ്യാര്‍ഥി വീടിന് സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും നാലരവയസ്സുള്ള മകള്‍ അക്ഷിക(കല്യാണി)യാണ് മരിച്ചത്.
പള്ളിക്കല്‍ എന്‍എസ്എസ് എല്‍പിഎസില്‍ എല്‍കെജി പ്രവേശനം ലഭിച്ച അക്ഷിക, ഇന്ന് ആദ്യമായി സ്കൂളില്‍ പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.
ചവറ പന്മന വടുതല തളിയാഴ്ചവീട്ടില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് അവധിക്കാലം ആഘോഷിക്കാന്‍ ഒന്നരമാസം മുന്‍പാണ് അക്ഷിക എത്തിയത്. ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്തെ ഓടയുടെ സ്ലാബില്‍ക്കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടിവരുന്നതിനിടെയാണ് അപകടം.
സ്ലാബില്ലാത്ത ഭാഗത്തുവെച്ച് കാല് വഴുതി ഓടയില്‍ വീണ് ഒഴുകിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ഓടയിലിറങ്ങി തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ മുന്നൂറ് മീറ്റര്‍ അകലെ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.