തേൻ നെല്ലിക്ക കഴിച്ചിട്ടുണ്ടോ? ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ നല്ലതാണ്. ഇത് എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നെല്ലിക്ക 400 ഗ്രാം
- പനകൽക്കണ്ടം 400 ഗ്രാം
- വെള്ളം അര കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളം ഒട്ടുമില്ലാതെ ഒന്ന് തുടച്ചു മാറ്റി വെയ്ക്കുക. ഇനി ഒരു ഇഡലി കുട്ടവത്തിൽ വെള്ളം ചൂടാക്കി ഇഡ്ലി തട്ടിൽ നെല്ലിക്ക വെച്ച് കൊടുത്തു ഒരു ആറു മിനിറ്റു വേവിച്ചെടുക്കുക. ഇനി ഇതൊന്ന് തണുത്തതിന് ശേഷം വെള്ളമയം ഒന്നു തുടച്ചു ഒരു ഫോർക് വെച്ച് നെല്ലിക്ക ഒന്നു കുത്തി കൊടുക്കുക. ഇനി ഒരു പാൻ സ്റ്റൗവിൽ വെച്ച് പനകൽക്കണ്ടം അതിന്റെ കൂടെ കുറച്ചു വെള്ളവും ഒഴിച്ചു ഒന്നു ഒരുക്കി എടുക്കുക. ഇനി അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന നെല്ലിക്ക ഇട്ടു കൊടുത്തു ചെറിയ തീയിൽ ഒരു 20 മിനിട്ട് വേവിച്ചു എടുക്കുക. ഇടയ്ക്കു ഒന്നു ഇളക്കി കൊടുക്കണം. അപ്പോഴേക്കും പനകൽക്കണ്ടതിന്റെ മധുരം ഒക്കെ നെല്ലിക്കയിൽ പിടിച്ചു നെല്ലിക്ക ഒരു കറുത്ത കളർ ആയി വരും. തണുത്തതിന് ശേഷം ഗ്ലാസ് ബോട്ടിലിൽ ഈ തേൻ നെല്ലിക്ക സൂക്ഷിക്കാം.