പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, നവകേരള സദസ്സിന്റെ പേരിൽ കരാറുകാരിൽ നിന്നും പണം വാങ്ങിയെന്ന ആരോപണവുമായി പി വി അൻവർ. മുഹമ്മദ് റിയാസും പേഴ്സനൽ സ്റ്റാഫ് അംഗങ്ങളും കരാറുകാരോട് പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ, വീഡിയോ തെളിവുകളുണ്ടെന്നും അൻവർ അവകാശപ്പെട്ടു.
മന്ത്രി മുഹമ്മദ് റിയാസും ആര്യാടൻ ഷൗക്കത്തുമാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്. വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് വി ഡി സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൗക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും.
ഇതൊരു മുന്നറിയിപ്പായി പറയുകയാണെന്നും ഒരു പരിധി കഴിഞ്ഞാൽ പ്രതിരോധിക്കേണ്ടി വരുമെന്നും അൻവർ പറഞ്ഞു. നവകേരള സദസ്സിന് പിരിവിട്ടാണ് പൈസ കണ്ടെത്തിയത്. എനിക്ക് 50 ലക്ഷം കടം വന്നു. നിയോജക മണ്ഡലം കമ്മിറ്റികൾക്കായിരുന്നു പണപ്പിരിവിന്റെ ചുമതല. കരാറുകാരിൽ നിന്ന് മുഹമ്മദ് റിയാസ് നേരിട്ട് പണം പിരിച്ചു. ബലമായാണ് പണം പിരിച്ചത്. എന്നെ വ്യക്തിഹത്യ നടത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കും. തെളിവുകൾ പുറത്തുവിടുമെന്ന് അൻവർ കൂട്ടിച്ചേർത്തു.
















