പ്രമുഖ വിയറ്റ്നാമീസ് കമ്പനിയായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക്. വിൻഫാസ്റ്റിന്റെ വാഹനങ്ങൾ ഈ മാസം വിപണിയിൽ എത്തും. വിൻഫാസ്റ്റിന്റെ രണ്ട് എസ്യുവികളാണ് ആദ്യഘട്ടത്തിൽ ഇന്ത്യൻ വിപണിയിൽ എത്തുക. VF6, VF7 ഇവികളാണ് ആദ്യഘട്ടത്തിൽ എത്തുന്നതെന്നും വാഹനങ്ങളുടെ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നും കമ്പനിയുടെ ഏഷ്യ സിഇഒ ഫാം സാൻ ചൗ വിയറ്റ്നാമിലെ ഹനോയിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇലക്ട്രിക് ബസുകൾ, ഗ്രീൻ എനർജി, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മറ്റ് ബിസിനസുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി വിൻഫാസ്റ്റിന്റെ മാതൃസ്ഥാപനമായ വിൻഗ്രൂപ്പ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഫാം സാൻ ചൗ പറഞ്ഞു.