ഉയർന്ന രക്തസമ്മർദം ഇന്ന് വളരെ സാധാരണമാണ്. ചെറുപ്പക്കാർക്കിടയിലും ഹൈപ്പർടെൻഷൻ കണ്ടുവരുന്നുണ്ട്. രക്തസമ്മർദം ഉയരുന്നത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആയാസം ഉണ്ടാക്കുകയും ഇത് പക്ഷാഘാതം,കാഴ്ചനഷ്ടം,ഹൃദ്രോഗം, വൃക്കത്തകരാറ് തുടങ്ങിയ സങ്കീർണതകളിലേക്കും പോകുന്നു. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് രക്തസമ്മർദം നിയന്ത്രിക്കാനാകും. സമീകൃതഭക്ഷണത്തോടൊപ്പം വ്യായാമം പതിവാക്കുന്നതും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.
ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന പോഷകങ്ങളിലൊന്നാണ് പൊട്ടാസ്യം. രക്തസമ്മർദം വർധിക്കാൻ കാരണമായ സോഡിയത്തിന്റെ ദൂഷ്യഫലങ്ങളെ നിയന്ത്രിക്കുന്നതിൽ പൊട്ടാസ്യം ഒരു പ്രധാനപങ്കു വഹിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും ഇതുവഴി രക്തസമ്മർദം കുറയുകയും ചെയ്യും. ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുക വഴി രക്തസമ്മർദം കുറയ്ക്കാൻ സാധിക്കും. പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കുക മാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയമിടിപ്പിന്റെ നിരക്ക് നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
പൊട്ടാസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ് വാഴപ്പഴം. പോഷകസമ്പുഷ്ടമായ വാഴപ്പഴം മികച്ച ഒരു ലഘുഭക്ഷണം കൂടിയാണ്. ഇടത്തരം വലുപ്പമുള്ള വാഴപ്പഴത്തിൽ ഏതാണ്ട് 350 മുതൽ 400 മില്ലിഗ്രാം വരെ പൊട്ടാസ്യം ഉണ്ട്. വാഴപ്പഴവും പൊട്ടാസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ ഉപ്പ് കുറയ്ക്കുന്നതിനെക്കാൾ ഫലപ്രദമാണെന്ന് അടുത്തിെട നടത്തിയ ഒരു പഠനം പറയുന്നു. വാഴപ്പഴം കൂടാതെ ഇലക്കറികൾ, മധുരക്കിഴങ്ങ്, ബ്രൊക്കോളി, അവൊക്കാഡോ, ബീൻസ്, ഓറഞ്ച്, ഉരുളക്കിഴങ്ങ് ഇവയും പൊട്ടാസ്യത്തിന്റെ ഉറവിടങ്ങളാണ്.