India

കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് സൂചന. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വിള്ളലുകളാണ് ഇതിന് കാരണമെന്നാണ് വിവരം.

ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ, അമേരിക്ക, കാനഡ തുടങ്ങി ലോകത്തിലെ പ്രമുഖ വ്യാവസായിക സമ്പദ് വ്യവസ്ഥകളുടെ അനൗപചാരിക ഗ്രൂപ്പാണ് ജി7. യൂറോപ്യന്‍ യൂണിയന്‍, അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവ ഉച്ചകോടിയില്‍ പങ്കെടുക്കാറുണ്ട്.

ദക്ഷിണാഫ്രിക്ക, യുക്രെയ്ൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള കാനഡയുടെ ക്ഷണം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദര്‍ശനത്തെ കുറിച്ച്‌ മാത്രമാണ് അനിശ്ചിതത്വം അവശേഷിക്കുന്നത്. ജൂണ്‍ 15 മുതല്‍ 17 വരെ നടക്കുന്ന ഉച്ചകോടിയിലേക്ക് ഇതുവരെ ഔദ്യോഗികമായ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണം ലഭിച്ചാല്‍ത്തന്നെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.

ഉച്ചകോടിക്ക് മുന്‍പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാല്‍ മാത്രമേ ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളുവെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതും മോദിയുടെ കാനഡ യാത്ര ഒഴിവാക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.