ചങ്ങനാശേരി: ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്നും ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തില്‍ നടന്ന 111-ാമത് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി. സംവരണത്തിന്റെ പേരില്‍ നല്കുന്ന ഇളവുകള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍രംഗത്തും യോഗ്യതയില്‍ വെള്ളം ചേര്‍ക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഉറപ്പാക്കണം.
വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങുകയും അവരുടെ സംഘടിത ശക്തിക്ക് മുന്പില് അടിയറപറയുകയും ചെയ്യുന്നതരത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനുള്ള മുറവിളിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.