പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ കെട്ടിയിട്ട് അർധ നഗ്നനാക്കി മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. പ്രതികളായ റെജിൻ മാത്യു, വിഷ്ണു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം നൽകിയത്.
പ്രതികൾ അന്യായക്കാരനായ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നൽകിയത്.
മെയ് 24-നായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചത്. വാഹനത്തിന് മാർഗതടസ്സം ഉണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആക്രമണം ചെറുത്തതോടെ യുവാക്കൾ കെട്ടിയിട്ട് മർദ്ദിച്ചെന്നായിരുന്നു സിജുവിൻ്റെ പരാതി.