Automobile

റേഞ്ച് റോവര്‍ എസ്‌വി മസാര എഡിഷന്‍ പുറത്ത്; വില 4.99 കോടി രൂപ

റേഞ്ച് റോവർ എസ്‌വി മസാര എഡിഷൻ ഇന്ത്യയിൽ പുറത്തിറങ്ങി. വില 4.99 കോടി രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു. ലോകമാകെ 12 യൂണിറ്റുകള്‍ മാത്രമാണുള്ളത്. റേഞ്ച് റോവര്‍ വാഹനത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട്. ഹിമാലയന്‍ നിരകളില്‍ കണ്ടു വരുന്ന ഇന്ദ്രനീലത്തിന്റെ നിറത്തിലായിരിക്കും ഈ റേഞ്ച് റോവര്‍ എന്നതാണ്.

നേരത്തെ രാജസ്ഥാനിലെ രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തിന്റെ പേരില്‍ ‘രണ്‍ഥംഭോര്‍ എഡിഷനു’ റേഞ്ച് റോവര്‍ പുറത്തിറക്കിയിരുന്നു. ലോങ് വില്‍ബേസ് അടിസ്ഥാനമാക്കിയാണ് റേഞ്ച് റോവര്‍ ഈ വാഹനം പുറത്തിറക്കുന്നത്. ഡീപ്പ് സാറ്റിന്‍ ബ്ലൂ പെയിന്റ് തന്നെയാണ് വാഹനത്തെ അപൂര്‍വ സുന്ദരമാക്കുന്നത്. റേഞ്ച് റോവര്‍ എസ്‌വി മസാര എഡിഷനില്‍ പുറത്തിറങ്ങുന്ന 12 വാഹനങ്ങള്‍ക്ക് മാത്രമേ ഈ നിറം നല്‍കൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ നമ്മുടെ ഹിമാലയന്‍ മലനിരകളില്‍ കണ്ടുവരുന്ന ഇന്ദ്രനീല കല്ലാണ് ഈ നിറത്തിന്റെ പ്രചോദനം. ബ്രോണ്‍സ്, ക്രോം ഹൈലൈറ്റുകളും 23 ഇഞ്ച് അലോയ് വീലുകളും വാഹനത്തെ വ്യത്യസ്തമാക്കും.

പുറത്തുമാത്രമല്ല അകത്തും ആഡംബരത്തിന് ഒരു കുറവും റേഞ്ച് റോവര്‍ വരുത്തിയിട്ടില്ല. ലിബര്‍ട്ടി ബ്ലൂ, പെര്‍ലിനോ ലെതറിലാണ് കാബിന്‍ ഫിനിഷ് ചെയ്തിരിക്കുന്നത്. എംബ്രോയിട്ടറി വര്‍ക്കുകളും ക്രോം ആസെന്റുകളും സീറ്റുകള്‍ക്ക് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കും. വാഹനത്തിന്റെ അപൂര്‍വതക്കുള്ള തെളിവായി ഡോര്‍ സില്‍ പ്ലേറ്റുകളില്‍ മസാര എഡിഷന്‍(1 മുതല്‍ 12 വരെ) എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാവും. പവേഡ് ടേബിളും റെഫ്രിജറേറ്ററും അപൂര്‍വ ഗ്ലാസ്‌വെയറും വാഹനത്തിലുണ്ടാവും. എയര്‍ സസ്‌പെന്‍ഷന്‍, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, പനോരമിക് റൂഫ്, ഹീറ്റിങ്/കൂളിങ്/മസാജിങ് സൗകര്യമുള്ള പവേഡ് സീറ്റുകള്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.

4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് റേഞ്ച് റോവര്‍ എസ്‌വി മസാര എഡിഷന്റെ കരുത്ത്. 615എച്ച്പി കരുത്തും പരമാവധി 750എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. ഓഫ് റോഡിന് യോജിച്ച ക്രൂസ് കണ്‍ട്രോളും വഴികളിലെ തടസങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന ഹൈ/ലോ റേഞ്ച് ഗിയര്‍ബോക്‌സും ഈ അപൂര്‍വ മോഡലിലുണ്ട്.