ചില ആരോഗ്യഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നറിയാമോ? ഓരോ ഭക്ഷണവും ആരോഗ്യകരമെങ്കിലും മറ്റുള്ളവയുമായി ചേരുമ്പോൾ അവയുടെ പോഷകഗുണങ്ങളിൽ വ്യത്യാസം വരുകയും ബ്ലോട്ടിങ്ങ്, അസിഡിറ്റി തുടങ്ങിയവയ്ക്ക് കാരണമാകുകയും ചിലപ്പോൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുകയും ചെയ്യും. ദഹനത്തിനെടുക്കുന്ന സമയം വിശ്വസ്തമായതിനാലും ഓരോ ഭക്ഷണത്തെയും വിഘടിപ്പിക്കാനാവശ്യമായ പിഎച്ചിന്റെ അളവിൽ വ്യത്യാസം വരുന്നതു കൊണ്ടും പോഷകങ്ങളുടെ ആഗിരണത്തെ രാസപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതു കൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തിൽ ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിയാം.
പാലും നാരകഫലങ്ങളും
പാലിൽ പ്രോട്ടീനും കാൽസ്യവും ധാരാളമുണ്ട്. നാരകഫലങ്ങൾ ആകട്ടെ അമ്ലഗുണമുള്ളവയാണ് (acidic) ഇവ ഒരുമിച്ചു കഴിച്ചാൽ ഉദരത്തിലെത്തുമ്പോൾ ആസിഡ് പാലിനെ തൈരാക്കുകയും ഇത് ദഹനക്കേടിനും വയറിനു കനം തോന്നാനും കാരണമാകും. പോഷകങ്ങളുടെ ആഗിരണത്തെയും ഇത് ബാധിക്കും.
തക്കാളിയും കുക്കുമ്പറും
തക്കാളി അമ്ലഗുണമുള്ളതാണ്. കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയിൽ അസ്കോർബിനേസ് എന്ന എൻസൈം ഉണ്ട്. ഇത് വൈറ്റമിൻ സി യെ ഇല്ലാതാക്കും. തക്കാളിയും കുക്കുമ്പറും ഒരുമിച്ചു കഴിച്ചാൽ കുക്കുമ്പർ, തക്കാളിയിലടങ്ങിയ വൈറ്റമിൻ സി യുടെ അളവിനെ കുറയ്ക്കുകയും ഭക്ഷണത്തിന്റെ ആന്റിഓക്സിഡന്റ് ഗുണഫലങ്ങൾ കുറയുകയും ചെയ്യും.
പാലും പഴവും
പാലും പഴവും വിരുദ്ധാഹാരമാണെന്ന് അറിയാതെ വളരെ സാധാരണമായി ഉപയോഗിക്കുന്ന ഭക്ഷണമാണ്. എന്നാൽ ഈ കോമ്പിനേഷൻ ദഹനവ്യവസ്ഥയ്ക്ക് വലിയ ഭാരമുണ്ടാക്കുന്നുണ്ട്. ഇത് ദഹനം സാവധാനത്തിലാക്കുകയും ആയുർവേദം അനുസരിച്ച് ശരീരത്തിൽ വിഷാംശം രൂപപ്പെടുകയും ചെയ്യും. ഇത് വയറുകമ്പിക്കൽ അഥവാ ബ്ലോട്ടിങ്ങ് ഉണ്ടാക്കുകയും ആലസ്യമുണ്ടാക്കുകയും ചെയ്യും.
പഴങ്ങളും ഇറച്ചിയും
പഴങ്ങൾ വളരെ വേഗം ദഹിക്കും. എന്നാൽ പ്രോട്ടീൻ ദഹിക്കാന്‍ കൂടുതൽ സമയമെടുക്കും. പഴങ്ങളോടൊപ്പം ഇറച്ചി, ചീസ്, മുട്ട ഇവ കഴിക്കുന്നത് ഗ്യാസ്ട്രബിളിനും വയറു കമ്പിക്കലിനും ദഹനക്കേടിനും കാരണമാകും.
യോഗർട്ടും ഇറച്ചിയും
യോഗർട്ടിലും ഇറച്ചിയിലും പ്രോട്ടീൻ ധാരാളമുണ്ട്. എന്നാൽ ഇവയുടെ ദഹനം വ്യത്യസ്തമാണ്. യോഗർട്ടും ഇറച്ചിയും ഒരുമിച്ചു കഴിക്കുന്നത് വയറിനു കനം ഉണ്ടാക്കുകയും ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ അസന്തുലനത്തിനും വിഷാംശങ്ങൾ ഉണ്ടാകാനും കാരണമാകും. ദഹനപ്രശ്നങ്ങൾ ഉള്ളവർ പ്രത്യേകിച്ചും ഈ കോമ്പിനേഷൻ ഒഴിവാക്കണം.
ചായ, കാപ്പി ഇവയോടൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം
ചായയിൽ ടാനിനുകളും കാപ്പിയിൽ കഫീനും ഉണ്ട്. ഇവ ചീര, പയർ വര്‍ഗങ്ങൾ തുടങ്ങി ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങളിലെ ഇരുമ്പിന്റെ ആഗിരണം തടയും. പതിവായി ചായയോടും കാപ്പിയോടുമൊപ്പം ഇത്തരത്തിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, അയൺ ഡഫിഷ്യൻസിയിലേക്ക് നയിക്കും.