Tech

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യങ്ങൾ നിർമിക്കാൻ ഇനി AI ടൂൾ

സർവ്വ മേഖലകളിലും പരിണാമം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എഐ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റയുടെ പ്രധാനവരുമാന സ്രോതസ്സാണ് പരസ്യവില്പന. പരസ്യവിതരണ സോഫ്റ്റ്‌വേയര്‍ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് കമ്പനി. അടുത്ത വര്‍ഷത്തോടെ ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി എഐ ടൂളുകള്‍ അവതരിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെറ്റയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലാകെ ആഗോളതലത്തില്‍ 343 കോടി സജീവ ഉപഭോക്താക്കളുണ്ട്. പരസ്യങ്ങളുടെ വിവിധ പതിപ്പുകള്‍ നിര്‍ദേശിക്കുക, ചിത്രങ്ങളുടെ പശ്ചാത്തലം ക്രമീകരിക്കുക, വീഡിയോ പരസ്യങ്ങളില്‍ ഓട്ടോമാറ്റിക് ആയി മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം എഐ പ്രയോജനപ്പെടുത്താനാവും.

പരസ്യ പോസ്റ്റുകള്‍ ജനറേറ്റ് ചെയ്യാനായി മെറ്റ എഐ സഹായിക്കും. പരസ്യത്തിന് വേണ്ടിയുള്ള ചിത്രങ്ങളും വീഡിയോകളും ടെക്‌സ്റ്റുമെല്ലാം ജനറേറ്റ് ചെയ്യാന്‍ എഐ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ആരെയെല്ലാം ടാര്‍ഗറ്റ് ചെയ്യണമെന്നും എഐ തീരുമാനിക്കും ഒപ്പം അതിന് ആവശ്യമായിവരുന്ന തുകയും കണക്കാക്കും. ഇത് തിരഞ്ഞെടുത്ത് പരസ്യദാതാവിന് പരസ്യം പ്രസിദ്ധീകരിക്കാനാവും.

ഒരു പരസ്യത്തിന്റെ തന്നെ പല പതിപ്പുകള്‍ എഐയുടെ സഹായത്തോടെ നിര്‍മിക്കാനുള്ള സൗകര്യമൊരുക്കാന്‍ മെറ്റ ആലോചിക്കുന്നുണ്ട്. അതായത് പരസ്യം വിതരണം ചെയ്യുന്ന ലൊക്കേഷന് അനുസരിച്ച് എഐയുടെ സഹായത്തോടെ പരസ്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാവും.